പ്രധാനമന്ത്രി മോദി മഹാനായ നേതാവ്,​ അദ്ദേഹത്തിന്റെ ആരാധകനാണ് താനെന്ന് ട്രംപ്

Sunday 24 May 2026 11:32 PM IST

ന്യൂഡൽഹി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250ാം വാ‌ർഷികാഘോഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡൽഹിയിലെ യു.എസ് എംബസിയിൽ നടന്ന പരിപാടിക്കിടെയാണ് സർപ്രൈസ് കോളുമായി ട്രംപ് എത്തിയത്. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറുമായി നടത്തിയ സംഭാഷണത്തിൽ ട്രംപ് സദസുമായി സംവദിച്ചു. പ്രധാനമന്ത്രി മോദി മഹാനായ നേതാവാണെന്ന് ട്രംപ് പറഞ്ഞു. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ആരാധകനാണ് താനെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകുമെന്നും ട്രംപ് ഉറപ്പുനൽകി . ഇന്ത്യയ്ക്ക് തന്റെയും അമേരിക്കയുടെയും പൂർണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ് പറഞ്ഞു. യു.എസ് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് വളർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സന്ദ‍ർശനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചടങ്ങിലുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പരിപാടിയിൽ പങ്കെടുത്തു.