തൊഴിലവസരങ്ങളിൽ ഉണർവ്; ഡിസംബറിൽ വളർച്ച 8%

Friday 11 January 2019 9:34 PM IST
tcs

 തൊഴിൽ നൽകുന്നവരിൽ മുന്നിൽ ഐ.ടി., ഓട്ടോമൊബൈൽ മേഖലകൾ

മുംബയ്: രാജ്യത്ത് തൊഴിൽ നിയമനങ്ങൾ കൂടുന്നുവെന്ന് നൗക്രി ജോബ് സ്‌പീക്ക് ഇൻഡക്‌സ് റിപ്പോർട്ട്. വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖ വിഭാഗങ്ങൾ കഴിഞ്ഞമാസം തൊഴിൽ നൽകിയവരുടെ എണ്ണത്തിലുണ്ടായ വർദ്ധന 2017 ഡിസംബറിനെ അപേക്ഷിച്ച് എട്ട് ശതമാനമാണ്. വാഹന നിർമ്മാണ മേഖലയാണ് തൊഴിൽ നൽകുന്നതിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്; 24 ശതമാനം.

ഐ.ടി-സോഫ്‌റ്ര്‌വെയർ മേഖല 14 ശതമാനം വളർച്ച കുറിച്ചു. ബി.പി.ഒ., എഫ്.എം.സി.ജി വിഭാഗങ്ങളും മികച്ച വളർച്ച രേഖപ്പെടുത്തി. മെട്രോ നഗരങ്ങളിൽ ബംഗളൂരു, ഡൽഹി എന്നിവയാണ് തൊഴിൽ നൽകുന്നതിൽ മുന്നിലുള്ളത്. ബംഗളൂരു 13 ശതമാനം വളർന്നപ്പോൾ ഡൽഹി കുറിച്ചത് പത്തു ശതമാനം മുന്നേറ്റം. ചെന്നൈ ഒമ്പത് ശതമാനം വളർന്നു. അക്കൗണ്ടിംഗ് മേഖല കൈവരിച്ച 22 ശതമാനം വളർച്ചയാണ് ചെന്നൈയ്ക്ക് നേട്ടമായത്. എഫ്.എം.സി.ജി മേഖല കുറിച്ച 12 ശതമാനം വളർച്ച, മുംബയിൽ തൊഴിൽ നിയമനങ്ങൾ ഒമ്പത് ശതമാനം കൂടാനും സഹായകമായി.

ഇന്ത്യയുടെ ഐ.ടി ഹബ്ബായ ബംഗളൂരുവിൽ ഹാർഡ്‌വെയർ രംഗം 18 ശതമാനവും സോഫ്‌റ്റ്‌വെയർ മേഖല 22 ശതമാനവും തൊഴിൽ നിയമന വളർച്ച കുറിച്ചു. ഐ.ടി മേഖല 20 ശതമാനം വളർന്ന പൂനെയിൽ കഴിഞ്ഞമാസം തൊഴിൽ നേടിയവരുടെ എണ്ണത്തിലുണ്ടായ വളർച്ച 15 ശതമാനമാണ്. മൂന്നുവർഷം വരെ പ്രവൃത്തി പരിചയമുള്ളവരുടെ നിയമനങ്ങൾ ഡിസംബറിൽ ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തി. 8-12 വർഷം പരിചയമുള്ളവരുടെ നിയമനങ്ങൾ ഏഴ് ശതമാനവും 13-16 വർഷം പരിചയമുള്ളവരുടെ നിയമനങ്ങൾ അഞ്ച് ശതമാനവും ഉയർന്നു. 16 വർഷത്തിനുമേൽ പരിചയ സമ്പത്തുള്ളവരുടെ നിയമനങ്ങളിലെ വളർച്ച രണ്ടു ശതമാനമാണ്.

ടി.സി.എസിന് ലാഭം

₹8,105 കോടി

രാജ്യത്തെ ഏറ്രവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ - ഡിസംബറിൽ 24.1 ശതമാനം വർദ്ധനയോടെ 8,105 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇത് റെക്കാഡാണ്. വരുമാനം 20.80 ശതമാനം വർദ്ധിച്ച് 37,338 രൂപയായി. ഓഹരിയൊന്ന് നാലുരൂപ വീതം ഇടക്കാല ലാഭവിഹിതവും ടി.സി.എസ് പ്രഖ്യാപിച്ചു. നടപ്പുവർഷം മൂന്നാംതവണയാണ് ടി.സി.എസ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS