ഇനി ചുറ്റിയടിക്കാം ട്രൈക്കിൽ,​ ഹോണ്ട നിയോവിംഗിന് പച്ചക്കൊടി

Monday 15 April 2019 6:13 AM IST
honda

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി, ദിലീപ്, വിക്രം, പ്രിയാ രാമൻ തുടങ്ങിയവർ അഭിനയിച്ച് 1994ൽ പുറത്തിറങ്ങിയ 'സൈന്യം" എന്ന സിനിമയിലെ ഒരു സൂപ്പർ ഹിറ്ര് ഗാനമുണ്ട്, ''ബാഗ്ഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ, 100 സി.സി ബൈക്കും അതിലൊരു പൂജാ ഭട്ടും വേണം". അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു 100 സി.സി ബൈക്കുകളെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്ന ഗാനമാണത്. 100 സി.സിയും കടന്ന്, ബൈക്കുകൾ പല രൂപത്തിലും ഭാവത്തിലും നമുക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, പുതുതലമുറയിലെ യുവാക്കളെ ത്രസിപ്പിക്കാൻ പുതിയൊരു താരം വരികയാണ്, ട്രൈക്ക്!

അതെ, ട്രൈക്ക്! പേര് കേൾക്കുമ്പോൾ പലരും ഊഹിച്ചിട്ടുണ്ടാകും, മൂന്നു വീലുള്ള വണ്ടിയാകുമെന്ന്. ശരിയാണ്. മൂന്നു വീലുണ്ട്. പക്ഷേ, ട്രൈക്ക് എന്ന് പൊതുവേ അറിയപ്പെടുന്നത് മുന്നിൽ ഒരുവീലും പിന്നിൽ രണ്ടു വീലുകളും ഉള്ള വാഹനമാണ്. എന്നാൽ, ഭാവിയിലെ വാഹന വിപണിയിലെ മിന്നുംതാരമാകാൻ പ്രമുഖ കമ്പനികളുടെ അണിയറയിൽ ഒരുങ്ങുന്ന താരങ്ങൾക്ക് മുന്നിലാണ് രണ്ടു വീലുകൾ; പിന്നിൽ ഒന്നും. പ്രമുഖ ജാപ്പനീസ് മോട്ടോർസൈക്കിൾ കമ്പനികളായ യമഹയും ഹോണ്ടയുമാണ് ട്രൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്.

യമഹയുടെ ട്രൈക്കായ 'നൈക്കെൻ" കഴിഞ്ഞവർഷം ബ്രിട്ടീഷ് വിപണിയിൽ എത്തിയിരുന്നു. പക്ഷേ, ഇന്ത്യൻ വിപണിയിൽ നൈക്കെൻ ഇനിയും എത്തിയിട്ടില്ല. അതേസമയം, ഹോണ്ടയുടെ ട്രൈക്കായ 'നിയോവിംഗ്" കഴിഞ്ഞദിവസം യൂറോപ്പ്യൻ പേറ്രന്റ് ഓഫീസിന്റെ പേറ്റന്റ് നേടി. 2015ലെ ടോക്കിയോ മോട്ടോർ ഷോയിൽ കോൺസെപ്‌‌റ്ര് മോഡലായാണ് നിയോവിംഗിനെ ഹോണ്ട ആദ്യം പരിചയപ്പെടുത്തിയത്. 2016ൽ പേറ്റന്റിനായി അപേക്ഷിച്ചെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവിൽ ഇപ്പോഴാണത് ലഭിച്ചത്. യമഹ ചെയ്‌തതു പോലെ, യൂറോപ്പ്യൻ വിപണിയിലാകും ഹോണ്ടയും ട്രൈക്ക് ആദ്യമവതരിപ്പിക്കുക.

വൈകാതെ നിയോവിംഗിന്റെ ഉത്‌പാദനം ഹോണ്ട ആരംഭിച്ചേക്കുമെന്നാണ് സൂചന. ഹോണ്ടയുടെ ടൂറിംഗ് മോട്ടോർസൈക്കിൾ മോഡലായ ഗോൾഡ്‌വിംഗിന്റെ അതേ 1,833 സി.സി എൻജിനാകും നിയോവിംഗിലും ഇടംപിടിച്ചേക്കുക. 126 എച്ച്.പി കരുത്തും 170 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണിത്. നിയോവിംഗിന് ഇലക്‌ട്രിക് പതിപ്പും ഹോണ്ടയുടെ പരിഗണനയിലുണ്ട്. ഹോണ്ടയുടെ, വിഖ്യാതമായ തനത് ഷാർപ്പ് രൂപകല്‌പനാ ശൈലിയിലാണ്, പൗരുഷഭാവം സമ്മാനിച്ച് നിയോവിംഗിനെ മനോഹരമായി രൂപപ്പെടുത്തിയിരിക്കുന്നത്. ഗോൾഡ്‌വിംഗിനെ പോലെ, ടൂറിംഗ് ശ്രേണിയിൽ തന്നെയാകും നിയോവിംഗിനെയും ഹോണ്ട അവതരിപ്പിച്ചേക്കുക. നിലവിൽ, വിപണിയിലുള്ള ട്രൈക്കായ യമഹയുടെ നൈക്കെൻ ഉൾക്കൊള്ളുന്നത് 111.8 ബി.എച്ച.പി കരുത്തുള്ള, 847 സി.സി എൻജിനാണ്. 13,499 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 12.20 ലക്ഷം രൂപ) നൈക്കെന് വില. നികുതിയും ഇറക്കുമതി ചുങ്കവും ഉൾപ്പെടാത്ത വിലയാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS