നാണയപ്പെരുപ്പം 19മാസത്തെ താഴ്‌ചയിൽ: പലിശഭാരം വീണ്ടും കുറഞ്ഞേക്കും

ബിസിനസ് ലേഖകൻ | Wednesday 13 February 2019 12:49 AM IST
inflation

കൊച്ചി: ഭവന,​ വാഹന,​ വ്യക്തിഗത വായ്‌പകൾ എടുത്തവർക്കും പുതുതായി വായ്‌പ തേടുന്നവർക്കും കൂടുതൽ ആശ്വാസം പകർന്ന് റീട്ടെയിൽ നാണയപ്പെരുപ്പം ജനുവരിയിൽ 19 മാസത്തെ താഴ്‌ചയായ 2.05 ശതമാനത്തിലെത്തി. 2017 ജൂണിൽ 1.46 ശതമാനം വരെ താഴ്‌ന്നതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്രവും കുറഞ്ഞ നാണയപ്പെരുപ്പമാണിത്. ഭക്ഷ്യ,​ ഇന്ധനവിലപ്പെരുപ്പങ്ങൾ താഴ്‌ന്നതാണ് കഴിഞ്ഞമാസം നേട്ടമായത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് നിർണയത്തിന് പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ ഗതിയാണ്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ)​ നാണയപ്പെരുപ്പം ഡിസംബറിൽ 2.11 ശതമാനത്തിലേക്ക് കുറഞ്ഞത് പരിഗണിച്ച് ഈമാസം ഏഴിന് പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. ജനുവരിയിലും നാണയപ്പെരുപ്പം താഴ്‌ന്നതിനാൽ ഏപ്രിലിലെ ധനനയ നിർണയ യോഗത്തിലും പലിശ കുറയ്‌ക്കാനുള്ള സാദ്ധ്യതയേറി. റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. 2019 ജനുവരി-മാർച്ചിൽ 2.8 ശതമാനവും ഏപ്രിൽ-സെപ്‌തംബറിൽ 3.4 ശതമാനവും ഒക്‌ടോബർ-ഡിസംബറിൽ 3.9 ശതമാനവുമായിരിക്കും നാണയപ്പെരുപ്പമെന്ന് കഴിഞ്ഞ ധനനയ നിർണയ യോഗം വിലയിരുത്തിയിരുന്നു.

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്പ് ഒരുവട്ടം കൂടി റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. കണക്കുകൾ കൂടി അനുകൂലമായതിനാൽ ഏപ്രിലിലും റിപ്പോനിരക്ക് കുറയാനാണ് സാദ്ധ്യത. ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്തവർക്ക് തിരിച്ചടവിൽ കൂടുതൽ ലാഭം നേടാൻ ഇതുസഹായിക്കും.

2.05%

ജനുവരിയിൽ റീട്ടെയിൽ നാണയപ്പെരുപ്പം 19മാസത്തെ താഴ്‌ചയായ 2.05 ശതമാനത്തിലെത്തി

4%

നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

പലിശ താഴേക്ക്

നടപ്പുപാദത്തിൽ (ജനുവരി-മാർച്ച്)​ നാണയപ്പെരുപ്പം 2.8 ശതമാനമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇത്,​ നിയന്ത്രണ ലക്ഷ്യമായ നാല് ശതമാനത്തേക്കാൾ ഏറെക്കുറവ് ആയതിനാൽ ഏപ്രിലിലെ ധനനയത്തിലും റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് കുറച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പലിശ കുറയ്‌ക്കാൻ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദവുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS