വ്യവസായങ്ങൾക്ക് ലൈസൻസ് 15 ദിവസത്തിനകം: മുഖ്യമന്ത്രി

ബിസിനസ് ലേഖകൻ | Tuesday 12 February 2019 6:23 AM IST
pic

കൊച്ചി: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾക്ക് അനുമതി ലഭ്യമാക്കാനുള്ള സമയപരിധി വൈകാതെ 15 ദിവസമായി കുറയ്‌ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചി ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'അസെൻഡ് കേരള 2019" സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ,​ വ്യവസായങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്നാണ് നിയമം. അതിനകം അനുമതി ലഭിച്ചില്ലെങ്കിൽ 31-ാം നാൾ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭകന് പ്രവർത്തനം തുടങ്ങാം. ഈ നിയമം സെക്രട്ടേറിയറ്രിൽ മാത്രമല്ല,​ വില്ലേജ് ഓഫീസുകൾ മുതൽ തന്നെ പാലിക്കണം. ഒരു ഉദ്യോഗസ്ഥനും വ്യവസായവുമായി ബന്ധപ്പെട്ട ഒരു കടലാസും വൈകിപ്പിക്കരുത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇത്തരം കാര്യങ്ങളിൽ 'മുടക്കുകാർ" (തടസം നിൽക്കുന്നവർ)​ ആകരുത്.

രാജ്യത്ത് ഉത്‌പന്നങ്ങൾ ഏറ്റവുമധികം വില്‌ക്കപ്പെടുന്നത് കേരളത്തിലാണ്. ഉത്‌പാദനവും കേരളത്തിൽ വൻതോതിൽ നടക്കണം. അതിന് പുതിയ ഉത്‌പാദന യൂണിറ്റുകൾ വരണം. പുതിയ യൂണിറ്റുകൾ നാടിനൊരു സഹായമാണ് എന്ന് മനസിലാക്കി,​ ബന്ധപ്പെട്ടവർ നിശ്‌ചിത സമയത്തിനകം അനുമതി നൽകണം. പുതിയ വ്യവസായങ്ങൾ നാടിനെ ചൂഷണം ചെയ്യാൻ വരുന്നുവെന്ന ധാരണ മാറ്റണം. ചെറുകിട വ്യവസായ യൂണിറ്റുകളിലൂടെ ഈവർഷം 50,​000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. വൻകിട വ്യവസായ യൂണിറ്റുകളും കേരളത്തിൽ വരണം. അങ്ങനെ 'നവകേരളം" സൃഷ്‌ടിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായങ്ങൾ അതിവേഗം അനുമതി ലഭ്യമാക്കാനുള്ള ഏകജാലക സംവിധാനമായ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്‌റ്ര് ആൻഡ് ട്രാൻസ്‌പരന്റ് ക്ളിയറൻസിന്റെ (കെ-സ്വിഫ്‌റ്റ്)​ ഉദ്ഘാടനവും വ്യവസായ വകുപ്പിന്റെ ഇൻവെസ്‌റ്ര് കേരള ഗൈഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇൻവെസ്‌റ്ര് കേരള വെബ് പോർട്ടലിന്റെ പ്രകാശനം ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്,​ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ,​ ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി,​ സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാൻ ആർ. ദിനേശ്,​ ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാർ,​ കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം. ഖാലിദ് എന്നിവർ സംസാരിച്ചു.

സ്വകാര്യ വ്യവസായ പാർക്കുകൾ

അനുവദിക്കും: മന്ത്രി ജയരാജൻ

സംസ്ഥാനത്ത് പൊതുമേഖലയ്ക്ക് പുറമേ സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ അനുവദിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഗ്രാമങ്ങളിൽ 25 ഏക്കറും നഗരങ്ങളിൽ 15 ഏക്കറുമായിരിക്കും സ്ഥലപരിധി. പൊതുമേഖലയിലെ പാർക്കുകളിലെ എല്ലാ സൗകര്യങ്ങളും ഇവിടെയും ലഭ്യമാക്കും.

കേരളത്തെ വ്യവസായ സൗഹൃദമാക്കാനായി വിവിധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്‌ത് എൽ.ഡി.എഫ് സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. 30 ദിവസത്തിനകം വ്യവസായങ്ങൾക്ക് അനുമതി നൽകണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കാത്ത വകുപ്പുകൾക്കെതിരെ നടപടിയെടുക്കും. എല്ലാവിഭാഗം വ്യവസായങ്ങളെയും പ്രോത്സാഹിപ്പിച്ച് വിപുലമായ വ്യവസായ ശൃംഖല കേരളത്തിൽ വളർത്തുകയാണ് ലക്ഷ്യം. എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടരവർഷക്കാലത്തിനിടെ കേരളത്തിൽ 36,​000 എം.എസ്.എം.ഇ സംരംഭങ്ങൾ വന്നു. 1.24 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN BUSINESS
YOU MAY LIKE IN BUSINESS