മനക്കച്ചിറയിലെ വീട്ടിൽ വീണ്ടും മോഷണം

Monday 25 May 2026 12:46 AM IST

തിരുവല്ല : മനക്കച്ചിറയിലെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടിൽ പരേതനായ എം.കെ.രാമചന്ദ്രൻ നായരുടെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി നടന്ന മോഷണത്തിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമോതിവും ഓട്ടുപാത്രങ്ങളും ടിവിയും ഇൻവർട്ടറും ഉൾപ്പെടെ 4 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടാക്കൾ കവർന്നിരുന്നു. രാമചന്ദ്രൻ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യ മോഷണ വിവരം പുറത്തിറഞ്ഞത്. ഞായറാഴ്ച രാവിലെ സതീഷ് ചന്ദ്രൻ വീണ്ടും എത്തിയപ്പോഴാണ് രണ്ടാമത്തെ മോഷണ വിവരം അറിയുന്നത്. ഗ്യാസ് സിലിണ്ടർ, ടേപ്പ് റെക്കാർഡർ എന്നിവയാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. വീടിന്റെ മുൻ വാതിൽ തുറന്ന് അകത്തു കയറിയ സതീഷ് ചന്ദ്രൻ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമതും മോഷണം നടന്നതായി അറിഞ്ഞത്. വിരൽ അടയാള വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സതീഷ് ചന്ദ്രൻ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.