തൃശൂർ: കേരള പൊലീസ് അക്കാഡമിയുടെ പേരുള്ള വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് അക്കാഡമി നടത്തുന്ന ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമിൻ്റെ ഫോമുകളുടെ പേരിൽ തട്ടിപ്പ്. ഫോം ലഭ്യമാണെന്ന അറിയിപ്പോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് പണം ആവശ്യപ്പെടുന്നുണ്ട്. പൊലീസ് അക്കാഡമിയുടെ ഔദ്യോഗിക ലോഗോയോട് കൂടിയ അപേക്ഷാ ഫോം വ്യാജമായി ഉണ്ടാക്കി വിൽക്കുന്നുമുണ്ടെന്ന് പറയുന്നു.
pdffiller.com എന്ന വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഇത് പൂരിപ്പിക്കുന്നതിനും ഡൗണ്‍ ലോഡ് ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളില്‍ നിന്നും എട്ട് ഡോളര്‍ വീതം ഈടാക്കിയായിരുന്നു തട്ടിപ്പ്. ഇത് സംബന്ധിച്ച് പൊലീസ് അക്കാഡമി സിറ്റി സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അക്കാഡമിയുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമുകളെല്ലാം തികച്ചും സൗജന്യമാണ്. മറ്റ് വെബ്സൈറ്റുകളിലൂടെ അക്കാഡമിയുടെ അപേക്ഷകള്‍ വിതരണം ചെയ്യുന്നുമില്ല, സ്വീകരിക്കുന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
അക്കാഡമിയുടെ ലോഗോയുടെ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ലോഗോയാണ് ഉണ്ടാക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റാണെന്ന ധാരണയില്‍ പലരും സൈറ്റില്‍ കയറി പണമൊടുക്കി അപേക്ഷിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെബ്സൈറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിന് മുമ്പും അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു. വെബ്സൈറ്റ് ഹാക്ക് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും തിരിച്ചെടുക്കാനായില്ല. ഹാക്ക് ചെയ്തത് തങ്ങളാണെന്ന് കേരള സൈബർ വാരിയേഴ്സ് അവരുടെ സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ഥിരീകരണം നൽകിയിട്ടും നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഡി.ഐ.ജിയുടെ കീഴിലുള്ള സൈബര്‍ വിഭാഗമാണ് പൊലീസ് അക്കാഡമിയിലെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് അന്വേഷിക്കുന്നത്. വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിയ സംഭവം അന്വേഷിക്കുന്നത് സിറ്റി സൈബര്‍ വിഭാഗവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |