ഫോറൻസിക് വീണ്ടും എത്തും
ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ ശ്രമം
കട്ടപ്പന: ചിന്നമ്മ കൊലപാതക കേസിൽ കാണാതായ സ്വർണാഭരണങ്ങൾ തേടി അന്വേഷണ സംഘം. ചിന്നമ്മയുടെ ശരീരത്ത് ഉണ്ടായിരുന്ന 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നാണ് ഭർത്താവ് ജോർജിന്റെ മൊഴി. അന്വേഷണം 11 ദിവസം കഴിഞ്ഞിട്ടും ഇവ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മുറ്റത്തും പുരയിടത്തിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ കൊലയാളിയെ സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസികിന്റെ സഹായം വീണ്ടും പൊലീസ് തേടിയിട്ടുണ്ട്.
കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെയാണ് ഏപ്രിൽ എട്ടിന് പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയിൽ സോപ്പ്പൊടി വിതറിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞതോടെ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നു. തുടർന്ന് 20 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. എന്നാൽ ജോർജ്, ബന്ധുക്കൾ, അയൽവാസികൾ, വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികൾ ഉൾപ്പെടെ 70ൽപ്പരം പേരെ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ സൂചനകളൊന്നും ലഭിച്ചില്ല. ജോർജിനെ 20 മണിക്കൂറിലധികം പൊലീസ് ചോദ്യം ചെയ്തിരുന്നു.
ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം വീടിനുള്ളിൽ നിന്ന് മണംപിടിച്ച പൊലീസ് നായ തൊട്ടടുത്ത് കൊച്ചുതോവാള റോഡ് വരെ മാത്രമാണ് പോയത്. ഫോറൻസ് സംഘവും വിരടയാള വിദഗ്ദ്ധരും നടത്തിയ പ്രാഥമിക പരിശോധനയിൽ പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ച നടന്നതായും സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. ചിന്നമ്മയുടെ ശരീരത്തിൽ മുറിവുകളോ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്കുമാർ, സി.ഐ. ബി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |