SignIn
Kerala Kaumudi Online
Thursday, 25 April 2024 9.30 PM IST

ലോക്ക് ഡൗൺ, വാറ്റുകാരെ പൂട്ടാൻ ഓഫീസ് ജീവനക്കാരെയും രംഗത്തിറക്കി എക്സൈസ്

bb

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യശാലകൾ അടയുകയും വാറ്റും വിൽപ്പനയും വ്യാപകമാകുകയും ചെയ്തതോടെ വാറ്റുകാരെ പൂട്ടാൻ ഓഫീസ് ജീവനക്കാരെയും രംഗത്തിറക്കി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എക്സൈസ്. റേഞ്ച് മുതൽ കമ്മിഷണർ ഓഫീസ് വരെ ഓഫീസ് ജോലികളിൽ വ്യാപൃതരായിരുന്ന മുഴുവൻ ജീവനക്കാരോടും ഓഫീസ് പൂട്ടി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ സജീവമാകാൻ എക്സൈസ് കമ്മിഷണർ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം അഞ്ഞൂറോളം എക്സൈസ് ഉദ്യോഗസ്ഥർ കൂടി റെയ്ഡുകളിലും വാഹന പരിശോധനയിലും സജീവമായി.

ലോക്ക്ഡൗണിനെ തുടർന്നുള്ള യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവരെ വീടിന് സമീപത്തെ എക്സൈസ് റേഞ്ചുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. അഞ്ഞൂറ് ജീവനക്കാരെകൂടി എൻഫോഴ്സ്മെന്റ് ഡ്യൂട്ടികൾക്ക് നിയോഗിച്ചതോടെ റേഞ്ച് അടിസ്ഥാനത്തിൽ രാത്രിയും പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. മുൻ കാലങ്ങളിൽ അബ്കാരി കേസുകളിൽ പ്രതികളായവർക്കൊപ്പം പുതുമുഖങ്ങളെ കണ്ടെത്താനുള്ള നിരീക്ഷണവും ശക്തമാണ്.

ലോക്ക് ഡൗണിനുശേഷം നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും വ്യാജമദ്യ നിർമ്മാണം തകൃതിയാണ്. ആദ്യദിവസങ്ങളിൽ മദ്യം ലഭിക്കാതെ വിത്ത് ഡ്രോവൽ സിൻഡ്രോം കാട്ടിയവരെപ്പറ്റി വ്യാപകമായി പരാതികൾ ലഭിച്ചെങ്കിലും പിന്നീട് അത്തരം പരാതികളുടെ എണ്ണം കുറഞ്ഞതിന് പിന്നിൽ വിറയലുകാരെ ലക്ഷ്യം വച്ചുള്ള വ്യാജമദ്യക്കച്ചവടം സജീവമായതാണെന്നാണ് എക്സൈസിന്റെ കണക്ക് കൂട്ടൽ. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും പല വീടുകളിലും മദ്യം നിർമ്മിക്കുന്നതായ സൂചനകൾ എക്സൈസിനുണ്ട്. സംശയിക്കുന്നവരെയും അവരുടെ വീടുകളും എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. ചാരായ നിർമ്മാണത്തിനായി കടകളിൽ നിന്ന് വൻതോതിൽ ശർക്കര വാങ്ങുന്നവർക്ക് പിന്നാലെയും എക്സൈസിന്റെ ചാരക്കണ്ണുകളുണ്ട്.മലയോരമേഖലകൾ, വനപ്രദേശങ്ങൾ , ആളൊഴിഞ്ഞ വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ വാഷും അഞ്ഞൂറോളം ലിറ്റർ ചാരായവുമാണ് എക്സൈസ് ലോക്ക് ഡൗണിനുശേഷം പിടികൂടിയത്.

അതിർത്തിയിൽ സ്പിരിറ്റും വ്യാജമദ്യവും സംഭരിക്കുന്നതും കടത്തുന്നതും തടയാൻ ബോർഡർ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുന്നതിനും വനമേഖലകൾ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാറ്റും വിപണനവും തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി.സ്ഥിരം അബ്കാരി കുറ്റവാളികളുടെ ലിസ്റ്ര് തയ്യാറാക്കാനും ഇവരെ നിരന്തരം നിരീക്ഷിക്കാനും അബ്കാരി കുറ്റവാളികളായ പിടികിട്ടാപ്പുള്ളികളെ ഉടൻ കസ്റ്റഡിയിലെടുക്കാനും പൊലീസ് - എക്സൈസ് വിഭാഗങ്ങൾക്ക് നിർദേശമുണ്ട്. വനമേഖലകളിലെ വാറ്റ് കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. രാത്രികാല പരിശോധന കർശനമാക്കും. അടഞ്ഞ് കിടക്കുന്ന കള്ള് ഷാപ്പുകളുടെയും മദ്യശാലകളുടെയും പരിസരത്ത് അനധികൃത കച്ചവടത്തിനുള്ള സാദ്ധ്യത കൂടുതലായതായിനാൽ അവിടങ്ങളിൽ സദാ നിരീക്ഷണമുണ്ടാകണമെന്നും കീഴുദ്യോഗസ്ഥരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തും മദ്യാസക്തിയുളളവരെ നിരീക്ഷണത്തിലാക്കിയാൽ ഉറവിടങ്ങൾ കണ്ടെത്താനാകും. ലഹരിവസ്തുക്കളുടെ വിപണനത്തെപ്പറ്റി ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കണമെന്നും ഒരുപരാതി പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻവിധിയോടെ തള്ളിക്കളയരുതെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.