സ്ഫോടക വസ്തുക്കൾ എങ്ങനെയെത്തിയെന്ന് പരിശോധിക്കും
തൃശൂർ: കഴിഞ്ഞ ദിവസം വാഴക്കോട് ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.സി.പി പി.ശശികുമാർ അടങ്ങുന്ന അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഒന്നര വർഷമായി പൂട്ടികിടക്കുന്ന ക്വാറിയിൽ ഇത്രയും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ എങ്ങിനെയെത്തി എന്നത് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഇന്നലെ ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്ന് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് കൈമാറും. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൂടി ഉൾക്കൊള്ളിച്ചായിരിക്കും പ്രാഥമിക റിപ്പോർട്ട് നൽകുക. ഇന്നലെ തലപ്പിള്ളി തഹസിൽദാർ റിപ്പോർട്ട് കളക്ടർക്ക് നൽകിയിരുന്നു. തോട്ട പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് തഹസിദാർക്ക് നൽകിയ റിപ്പോർട്ട്. അതേസമയം, നേരത്തെ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്നത് സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുവെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ ചുണ്ടിക്കാണിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം സംബന്ധിച്ചു വിശദമായ റിപ്പോർട്ട് അടുത്ത ദിവസം നൽകും. സംഭവം നടന്നയുടൻ ആർ.ഡി.ഒ എൻ.കെ. കൃപയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
മുള്ളൂർക്കര വാഴക്കോട് സ്വദേശി മൂലയിൽ അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. പൂട്ടിക്കിടന്നിരുന്ന ക്വാറിയിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മീൻപിടിക്കാനായി കൊണ്ടുവന്ന തോട്ട അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചതാണോയെന്നും സംശയമുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്പനം ഏറെ ദൂരം അനുഭവപ്പെട്ടിരുന്നു. സമീപത്തെ വീടുകളിലെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവത്തിൽ ക്വാറി ഉടമയുടെ സഹോദരനായ നൗഷാദ് മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ ഇവർ അപകടനില തരണം ചെയ്തെങ്കിലും കണ്ണിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഒരാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് എം.പി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |