ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും രണ്ട കിലോയോളം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. ബുധനാഴ്ച രാത്രി 11 മണിയോടെ ചത്തിയറ മൃഗാശുപത്രി ജംഗ്ഷനിൽ പൾസർ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരനായ ചത്തിയറ സ്വദേശി സംഗീത്കൃഷ്ണയ്ക്ക് (33) പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയവർ സംഗീത് കൃഷ്ണയെ ആശുപത്രിയിലെത്തിച്ചു.
ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാറും സംഘവും ഇവിടെയെത്തി. മറിഞ്ഞു കിടന്ന ബൈക്ക് റോഡിൽ നിന്നു മാറ്റിവയ്ക്കുന്നതിനായി എക്സൈസ് സംഘം ശ്രമിക്കുമ്പോഴാണ് ഒരു സഞ്ചിയിൽ രണ്ട് പൊതികൾ ശ്രദ്ധയിൽപ്പെട്ടത്. ഇത് കഞ്ചാവാണെന്ന് കണ്ടെത്തിയതോടെ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ യുവാവ് ഇതിനകം സ്ഥലം വിട്ടിരുന്നു.
ഇയാൾ താമരക്കുളം സ്വദേശിയാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |