കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 20 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. തൃശൂർ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനൽ(34)എന്നിവരെയാണ് രാവിലെ പൊലീസിന്റെയും ഫ്ലൈയിംഗ് സ്ക്വാഡായ ഡാൻസാഫിന്റെയും സംഘം പിടികൂടിയത്. പിടിയിലായ ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ലീന നടത്തിയിരുന്ന ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു സനൽ.
ലോക്ക് ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഒന്നര മാസം മുമ്പ് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പത്ത് ലക്ഷം രൂപയോളം വിപണി വിലയുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവ്. വാടകയ്ക്കെടുത്ത ഹ്യൂണ്ടായ് കാറിലാണ് കഞ്ചാവ് കടത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ കാറിൽ ഉപയോഗിച്ചത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇരുവരും വലയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |