പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാടായി കോഴിബസാർ ശാഖയിൽ മോഷണശ്രമം. ഇന്നലെ രാത്രിയോടെയാണ് മോഷണ ശ്രമം നടന്നത്. പ്രവേശന കവാടത്തിലെ ഇരുമ്പ് വാതിൽ ഭദ്രമായതിനാൽ ബാങ്കിന് പിറക് വശമുള്ള കോഴിക്കടയുടെ മുകളിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്ന ഒന്നാം നിലയിൽ മോഷ്ടാവ് എത്തിയത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ശാഖയുടെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് ബാങ്കിനകത്ത് കയറിയത്. ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ല എന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ബാങ്ക് മാനേജർ നൽകിയ പരാതിയിൽ പഴയങ്ങാടി എസ്.ഐ. കെ. ഷാജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂർ ഡിവൈ.എസ്.പി പ്രേമരാജൻ, പഴയങ്ങാടി സി.ഐ. രാജഗോപാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും ബാങ്കിലെത്തി പരിശോധന നടത്തി. ശാഖയിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കണമെന്നും മോഷണങ്ങൾ തടയാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കാമെന്നും പയ്യന്നൂർ ഡിവൈ.എസ്.പി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇതിന് സമീപമുള്ള മൊട്ടാമ്പ്രത്തേ മാടായി സർവീസ് സഹകരണ ബാങ്കിന്റ ശാഖയിലും സമീപമുള്ള മൂന്ന് കടകളിലും മോഷണ ശ്രമം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |