പത്തനംതിട്ട : അബ്കാരി കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചതിൽ മനംനൊന്ത് കോടതി മുറിയിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ പ്രതി തെങ്ങമം സ്വദേശി രമണൻ (57) കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2013 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട അഡീ. ജില്ലാ കോടതി ഫാസ്റ്റ് ട്രാക്ക്-ൽ അബ്ക്കാരി കേസിൽ വിചാരണ നേരിട്ട പ്രതിയെ ആ കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് പ്രതി കൈയ്യിലൊളിപ്പിച്ചിരുന്ന കുപ്പിയിൽ നിന്നും പെട്രോൾ തലവഴി ഒഴിക്കുകയും തീപ്പെട്ടി ഉരച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കോടതി ജീവനക്കാരും കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ഇടപെട്ട് ബലപ്രയോഗത്തിലൂടെ പ്രതിയെ രക്ഷപ്പെടുത്തി. ആത്മഹത്യാശ്രമത്തിനും കോടതി മുറിയിൽ തീപിടിത്തമുണ്ടാക്കി, സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകളും മറ്റും നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിച്ചതിനും കേസെടുക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ബി. അരുൺദാസ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |