ഓയൂർ: വീടിന്റ പോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. മൈലോട് തിരുവോണത്തിൽ പ്രസന്ന രാജന്റെ വീട്ടിലായിരുന്നു മോഷണം. പൂയപ്പള്ളി നാൽക്കവല സ്നേഹാലയത്തിന് സമീപം സന്തോഷ് ഭവനിൽ സിദ്ധാർത്ഥൻ (18), മീയന പാപ്പാലോട് പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് റഹീസ് (18) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. നായയുടെ നിറുത്താതെയുള്ള കുരകേട്ട് വീട്ടുകാർ പുറത്തിറങ്ങി ടോർച്ച് തെളിച്ചതോടെ രണ്ട് പേർ വീടിന്റെ മതിൽചാടി ഓടി പോകുന്നതായി കണ്ടു. ഇവർ ബഹളമുണ്ടാക്കി ആളെക്കൂട്ടി പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ മൈലോട് ജപ്പാൻ കുടിവെള്ള ടാങ്കിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് പതുങ്ങിയിരുന്ന ഇരുവരുടേയും പക്കൽ നിന്നു റബ്ബർഷീറ്റുകൾ കണ്ടെത്തുകയായിരുന്നു. പൂയപ്പള്ളി പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |