തൃശൂർ: നിരവധി ബൈക്ക് മോഷണ കേസിൽ പ്രതികളായ നാലു പേരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല ഏറൻപുരയ്ക്കൽ സൗരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), എളവള്ളി താമരപ്പുള്ളി നാലകത്ത് അൻസിഫ് യൂസഫ് (19), ചാവക്കാട് മണത്തല തറയിൽ രാഹുൽ രാജൻ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജനുവരിയിൽ പുഴയ്ക്കൽ പ്രിയദർശിനി നഗറിലെ അപ്പാർട്ട്മെന്റിൽ നിന്നും രണ്ട് ലക്ഷത്തോളം വിലവരുന്ന ആഡംബര ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഗുരുവായൂർ പൊലീസിന്റെ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സിയാദ് എന്നയാളെ അറസ്റ്റ് ചെയ്തത്. ഇതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഇയാൾക്ക് ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയതാണെന്ന് മനസിലായി. വിശദമായി ചോദ്യം ചെയ്പ്പോൾ ബൈക്ക് കൈമാറിയവരുടെ വിവരങ്ങൾ സിയാദ് പൊലീസിനോട് വെളിപ്പെടുത്തി.
അങ്ങനെയാണ് ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രിയദർശിനി നഗറിൽ നിന്നും മോഷ്ടിച്ച ബൈക്ക് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചു വരികയായിരുന്നു. അഞ്ചംഗ സംഘത്തിലെ ഒരാളെ പിടികൂടാനുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.ആർ. റെമിൻ, എസ്.ഐമാരായ എ.ഒ ഷാജി, കെ.എൻ. വിജയൻ, കെ.എ. തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എൻ. പ്രിയ, അഭീഷ് ആന്റണി, ശ്രീരാഗ് വി. ആർ എന്നിവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |