നെയ്യാറ്റിൻകര: മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ആറാലുംമൂട് പൂജാനഗർ മണ്ണറത്തറ വീട്ടിൽ പ്രദീപ് ചന്ദ്രനാണ് (55) ഭാര്യ ശ്രീലത (48), മകൾ ലിജ (25), മകൻ ബെൻ (20) എന്നിവരെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന മകൾ ലിജയുടെ വിവാഹം സഹപ്രവർത്തകനായ തൃശൂർ സ്വദേശിയുമായി ഇന്നലെ ആറ്റുകാലിൽ വച്ച് നിശ്ചയിച്ചിരുന്നു. എന്നാൽ ഈ ബന്ധത്തിന് പ്രദീപ് ചന്ദ്രന് താത്പര്യം ഉണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ ഇയാൾ വാക്കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മക്കൾക്ക് പരിക്കേറ്റത്. നിസാര പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സതേടി. ലിജയുടെ വിവാഹം നിശ്ചയിച്ച പ്രകാരം ഇന്നലെ ആറ്റുകാലിൽ നടന്നു. പരാതിയെ തുടർന്ന് വൈകിട്ടോടെ പ്രദീപ് ചന്ദ്രനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |