ചാവക്കാട്: എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്ര വളപ്പിൽ നിന്ന് ചന്ദന മരം മുറിച്ച നിലയിൽ. ആശുപത്രി കാന്റീനിന്റെ മുൻ ഭാഗത്താണ് ചന്ദന മരം മുറിച്ച നിലയിൽ കണ്ടത്. മോഷ്ടാക്കൾ മരത്തിന്റെ ഒരു അടിയോളം കുറ്റി നിർത്തിയശേഷം കാതലുള്ള ഭാഗം മാത്രം മുറിച്ചെടുത്ത നിലയിലാണ്. മരത്തിന്റെ കൊമ്പും ചില്ലകളുമെല്ലാം സ്ഥലത്ത് ഉപേക്ഷിച്ച് മരത്തടികളാണ് മുറിച്ച് കടത്തിയത്. കൂടാതെ മറ്റൊരു ചന്ദനമരം മുറിച്ചെടുക്കാൻ മോഷ്ടാക്കൾ ശ്രമിച്ചിട്ടുമുണ്ട്. വിവരമറിഞ്ഞ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ സ്ഥലത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലമായതിനാൽ സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയതായി ആശുപത്രി അസിസ്റ്റന്റ് സർജൻ എസ്.എസ്.അനൂപ് പറഞ്ഞു. ആൾക്കൂട്ട സാന്നിദ്ധ്യം വളരെയധികമുള്ള സ്ഥലത്താണ് ഇത്തരത്തിൽ മോഷണം നടന്നിട്ടുള്ളത്. അതിനാൽ ആശുപത്രി കോമ്പൗണ്ടിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |