ചാലക്കുടി: കണ്ണമ്പുഴ ദേവി ക്ഷേത്രത്തിനടുത്തെ പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ചാലക്കുടി സൗത്ത് കുരിശ് ജംഗ്ഷന് സമീപം താമസിക്കുന്ന മാവേലി വീട്ടിൽ ബിജു (46), തോമസ്(63), പള്ളിക്കനാലിന് സമീപം താമസിക്കുന്ന തെറ്റയിൽ വിൽസൺ (56) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 23ന് പുലർച്ചെ രണ്ട് മണിയോടെയാണ് ക്ഷേത്രത്തിന് സമീപം നീരൊഴുക്കുള്ള കക്കൂസ് മാലിന്യം തള്ളിയത്. രാവിലെ ക്ഷേത്രത്തിലെത്തിയവരും സമീപവാസികളും രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് നഗരസഭാധികൃതരെ വിവരമറിയിക്കുകയും തുടർന്ന് മാലിന്യം നിർമ്മാർജ്ജനം ചെയ്യുകയുമായിരുന്നു.
പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായ മൂന്ന് വാഹനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെയും വാഹനവും പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീ ശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |