കണ്ണൂർ: ജില്ലാ ട്രഷറിയിൽ അക്കൗണ്ടിൽ നിന്നും പണം തട്ടിയ സംഭവത്തിൽ സീനിയർ അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കൊറ്റാളി സ്വദേശി ചെല്ലട്ടനെന്ന നിതിൻ രാജ് (38)ആണ് അറസ്റ്റിലായത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ ടൗൺ സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയോടെ കൊറ്റാളിയിലെ വീട്ടിലെത്തിയാണ് അറസ്റ്റു ചെയ്തത്.
ജില്ലാ ട്രഷറിയിൽ നിന്നും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കു ലഭിക്കേണ്ട മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.വിവിധ ക്ഷേമ പദ്ധതികളിൽ വ്യക്തിഗത ഗുണഭോക്താക്കൾക്കുളള സഹായധനം ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടു ഇന്നലെ ട്രഷറിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. അക്കൗണ്ട് നമ്പറിലെയോ ഐ.എഫ്.എസ് കോഡിലെയോ തകരാർ കാരണം ഗുണഭോക്താവിന് ലഭിക്കാതെ ട്രഷറി അക്കൗണ്ടിലേക്ക് തിരിച്ചുവരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് സി.നിതിൻ രാജിനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണമെന്ന നിലയിലാണ് വിജിലൻസ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
മറ്റുപല പദ്ധതികളിലെയും ഗുണഭോക്താക്കളുടെ പണം ഇതേ രീതിയിൽ ഇയാൾ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇവിടെ നിന്നും ചില രേഖകൾ പിടിച്ചെടുത്തതായും വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |