കൊച്ചി: ട്രെയിൻ മാർഗം മൂന്നുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കായിക താരത്തിന്റെയും സുഹൃത്തിന്റെയും ഡൽഹി ബന്ധം കണ്ടെത്താൻ കച്ചകെട്ടി എക്സൈസ്. പ്രതികൾ നേരത്തെയും ഡൽഹിയിൽ നിന്ന് മയക്കുമരുന്ന് കടത്തിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരുവരുടെയും മൊബൈൽ കാൾ വിവരങ്ങൾ ശേഖരിച്ച് ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അഴിക്കുള്ളിലാക്കുകയാണ് ലക്ഷ്യം. ഹാമർത്രോ ദേശീയ ചാമ്പ്യനായ കൊടുങ്ങല്ലൂർ ടി.കെ.എസ്. പുരം കളപ്പുരയ്ക്കൽ രാഹുൽ സുഭാഷ് (27), ഇയാളുടെ സുഹൃത്ത് തിരുവള്ളൂർ സ്വദേശി സൈനുലാബ്ദ്ദീൻ (23) എന്നിവരാണ് എക്സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്. അടുത്തിടെ ഡൽഹിയിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആഫ്രിക്കൻ സംഘത്തിലെ കണ്ണികളിൽ നിന്നാകാം ഇവർ എം.ഡി.എം.എ വാങ്ങിയതെന്നാണ് കരുതുന്നത്. കൊച്ചിയിലെ ഡി.ജെ പാർട്ടികൾക്കായാണ് ഇത് എത്തിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ 26നാണ് മൂന്ന് കിലോ ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായത്. ആലുവയിൽ രജിസ്റ്രർ ചെയ്ത കേസ് എറണാകുളം യൂണിറ്രാണ് അന്വേഷിക്കുന്നത്.
സംശയം, പ്ലാൻ മാറ്രി
ഡൽഹിയിൽ നിന്ന് മംഗള– ലക്ഷദ്വീപ് എക്സ്പ്രസ് മാർഗം എം.ഡി.എം.എയുമായി യുവാക്കൾ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് സംഘം കോഴിക്കോട് വച്ച് അയ്യപ്പഭക്തരുടെ വേഷത്തിൽ ട്രെയിനിൽ കയറി. ജ്യൂസ്, പാനിപ്പൂരി പാക്കറ്റുകളുടെ അടിഭാഗം തുറന്ന് എം.ഡി.എം.എ പൊതികൾ ഒളിപ്പിച്ച് പശവച്ച് ഒട്ടിച്ചാണ് യുവാക്കൾ മയക്കുമരുന്നുമായി യാത്ര ചെയ്തിരുന്നത്. ഇതു ഇന്റലിജൻസ് സംഘം കണ്ടെത്തി. എന്നാൽ ട്രെയിനിൽ പൊലീസുണ്ടെന്ന് സംശയിച്ച യുവാക്കൾ തൃശൂരിൽ ഇറങ്ങുന്നതിന് പകരം യാത്ര ആലുവയിലേക്ക് നീട്ടി. ഇതോടെ കൂടുതൽ ഉദ്യോഗസ്ഥർ ട്രെയിനിൽ കയറി ആലുവയിൽ വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ നിന്ന് ലഹരിമരുന്നുമായി ഏതാനും യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ലഹരിക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഡൽഹി ബന്ധമടക്കമുള്ള നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ വെളിപ്പെടുമെന്നാണ് പ്രതീക്ഷ. മയക്കുമരുന്ന് വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്, ആരിൽ നിന്ന് വാങ്ങി, ഇടപാട് രീതികളെല്ലാം ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാനാകുമെന്നും കരുതുന്നു.
ബാബു വർഗീസ്
അസി.എക്സൈസ് ഓഫീസർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |