രാമപുരം: പിടികൂടാനുള്ള ശ്രമത്തിനിടെ രാമപുരം എസ്.ഐയുടെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച ഗുണ്ടാസംഘത്തിലെ ഒരാളെ എസ്.ഐയും പൊലീസുകാരനും ചേർന്ന് കീഴ്പ്പെടുത്തി. സംഘത്തലവൻ അസിൻ അഗസ്റ്റിനെ (23)ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കഞ്ചാവും മറ്റുമായി അഞ്ചംഗ ഗുണ്ടാസംഘം തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് രാമപുരം എസ്.ഐ പി.എസ് അരുൺകുമാറും പൊലീസുകാരൻ ബിജോയും സംഭവസ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ഗുണ്ടാസംഘം സ്കൂളിന്റെ മതിൽചാടികടന്ന് കോമ്പൗണ്ടിലേക്ക് ഓടി. പിന്നാലെയെത്തിയ എസ്.ഐയ്ക്കും പൊലീസുകാരനും നേരെ ഗുണ്ടാസംഘത്തിലുണ്ടായിരുന്ന അമൽ മങ്കുഴിച്ചാലിൽ എന്നയാൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതിനിടെ കുതറി ഓടാൻ ശ്രമിച്ച അസിൻ അഗസ്റ്റിനെ എസ്.ഐ. അരുണും ബിജോയും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപെട്ടു. എസ്. ഐ. അരുൺ പിന്നീട് രാമപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അസിൻ അഗസ്റ്റിൻ വിവിധ കേസുകളിൽ പ്രതിയാണ്. രക്ഷപെട്ട അമൽ മോഷണക്കേസിലും പിടിച്ചുപറിക്കേസിലും ഉൾപ്പെട്ട് ജയിലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |