തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 40,000 രൂപയും കവർന്നു. തലക്കശ്ശേരി ചാരുപടിക്കൽ അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും കവരുകയായിരുന്നു.വീട്ടുടമസ്ഥനായ അബൂബക്കറും കുടുംബവും വിദേശത്താണ്. വീടും പരിസരവും നോക്കുന്നതിനായി ഏൽപ്പിച്ചിരുന്ന പരിസരവാസി വൈകീട്ട് വീട്ടിലെ ലൈറ്റ് ഇടാൻ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിതുറന്നതായി കണ്ടത്. തുടർന്ന് തൃത്താല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. തൃത്താല പൊലീസും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |