സത്ക്കാരം കഴിഞ്ഞപ്പോൾ അർദ്ധരാത്രിയിൽ 'രഹസ്യാന്വേഷണം"
പുൽപ്പള്ളി: അർദ്ധരാത്രിയിൽ മഫ്തിയിൽ മറ്റൊരു സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. പുൽപ്പള്ളി എസ്.ഐ കെ.എസ്. ജിതേഷ്, എ.എസ്.ഐ തങ്കച്ചൻ, സി.പി.ഒ എൻ.ശിഹാബ്, ഡ്രൈവർ സനീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. തിരുനെല്ലി സ്റ്റേഷൻ പരിധിയിലെ അപ്പപ്പാറയിലുള്ള സ്ത്രീയുടെ വീട്ടിലാണ് എസ്.ഐയും സംഘവുമെത്തിയത്. വാതിലിൽ തട്ടിവിളിച്ചശേഷം വീട്ടിൽ ചെന്നതിന്റെ കാരണം വ്യക്തമാക്കാതെ പൊലീസുകാർ പരസ്പരവിരുദ്ധമായി സംസാരിച്ചതായി വീട്ടമ്മ തിരുനെല്ലി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചീട്ടുകളി സംഘത്തിലെ പ്രധാനിയെ തപ്പിയിറങ്ങിയപ്പോൾ വീടുമാറി കയറുകയായിരുന്നുവെന്നാണ് പൊലീസിൽ നിന്നുള്ള അനൗദ്യോഗിക വിവരം.
ചേകാടിയിൽ പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരന്റെ വിവാഹസത്ക്കാരത്തിൽ പങ്കെടുത്തശേഷം മേയ് എട്ടിന് അർദ്ധരാത്രിയിലാണ് പൊലീസ് സംഘം വീട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |