കല്ലറ: പാങ്ങോട് ഭരതന്നൂർ മാർക്കറ്റിനുള്ളിൽ പുലർച്ചേ മദ്യവില്പന നടത്തിയിരുന്ന ഭരതന്നൂർ പാകിസ്ഥാൻമുക്ക് സ്വദേശി സന്തോഷിനെ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ ബുധാനാഴ്ച പുലർച്ചെ 5.30തോടുകൂടി പച്ചക്കറി കച്ചവടക്കാർ എന്ന വ്യാജേന ഭരതന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
അതിരാവിലെ തന്നെ ഭരതന്നൂർ ചന്തയും പരിസരവും കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്കും മറ്റും ശല്യമാണെന്നുമുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇയാളുടെ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അരുൺ കുമാർ, ഹാഷിം എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |