തിരുവല്ല: വ്യവസായിയെ ഗോഡൗണിൽ ബന്ദിയാക്കിയശേഷം വടിവാൾ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിലായി. പ്രതികളിൽ നിന്ന് വ്യാജ തോക്കും മാരകായുധങ്ങളും പൊലീസ് പിടികൂടി. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് അറസ്റ്റിലായത് . തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതായാണ് കേസ്. ഗോഡൗണിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ തിരുവല്ല പൊലീസ് ഗോഡൗൺ വളഞ്ഞശേഷം പ്രതികളെ പിടികൂടുകയായിരുന്നു.ഒന്നാംപ്രതി ഷിജു വർഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി 9 കേസുകളും രാഹുലിനും ബാസ്റ്റിനും എതിരെ അഞ്ചു വീതം ക്രിമിനൽ കേസുകളുമുണ്ട്. പ്രതികൾ മയക്കുമരുന്നുകൾക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്.ഐ. പി.ബി. നഹാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |