സുൽത്താൻ ബത്തേരി: വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരിൽ നിന്ന് പിടികൂടി. മൂലങ്കാവ്, കോറുമ്പത്ത് വീട്ടിൽ, മാനു എന്ന അഹമ്മദ് (61) നെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പരാതിയിലാണ് നടപടി.
ബത്തേരി, മീനങ്ങാടി, അമ്പലവയൽ സ്റ്റേഷനുകളിലായി ആറു കേസുകളിലെ പ്രതിയാണ് അഹമ്മദ്. കേസിനാസ്പദമായ സംഭവം നടന്നത് ജൂൺ 30 നാണ്. എഴുന്നൂറോളം പേർ അംഗമായ 'മൊട്ടുസൂചി' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്. സ്ത്രീകൾക്കും പൊലീസ് സേനക്കും അവമതിപ്പ് ഉണ്ടാകുന്ന തരത്തിൽ ലൈംഗിക ചുവയുള്ള വോയ്സ് മെസ്സേജ് ആണ് ഇയാൾ ഗ്രൂപ്പിൽ അയച്ചത്.
ജൂലായ് ഒന്നിന് ഇയാൾക്കെതിരെ കേസെടുക്കുകയും ഇയാൾ ഒളിവിൽ പോകുകയുമായിരുന്നു. സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എൻ.പി. രാഘവൻ, എസ്.ഐ സോബിൻ, എ.എസ്.ഐ സലീം, എസ്.സി.പി.ഒ ലബ്നാസ്, സി.പി.ഒമാരായ അനിൽ, അനിത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |