സിനിമ എപ്പോൾ മനസിൽ കയറി എന്നു അറിയില്ല. മൂന്നുവയസ് മുതൽ ഭരതനാട്യം പഠിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനയിൽ പങ്കെടുത്തു. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് നേടി. സർഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചിന്തയും അറിയാതെ മനസിൽ കയറി . അപ്പോൾ മുതൽ സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ചു. തീവ്രമായി ആഗ്രഹിച്ചാൽ ഈ ലോകത്ത് ലഭിക്കാത്തതായി ഒന്നുമില്ല.മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല. കഥാപാത്രമായി മാറാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്.'നീന"യായി മാറാൻ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഒാടിക്കാൻ പഠിച്ചു. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ച ലാൽജോസ് സാറിനെ നിരാശപ്പെടുത്താൻ പാടില്ലെന്ന് ആഗ്രഹിച്ചു. അത് നിറവേറ്റാൻ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും കൂടെത്തന്നെയുണ്ട്. വിനയൻ സാറിന്റെ 'പത്തൊമ്പതാം നൂറ്റാണ്ട് "ആണ് പുതിയ ചിത്രം. ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകാൻ പോവുന്നു. ഇതുവരെ കാണാത്ത രൂപം .അതിന്റെ സന്തോഷം വളരെ വലുത്.
ബോളിവുഡ്
സിനിമയിൽ എത്തുക എളുപ്പമല്ല. എത്തിച്ചേർന്നാൽ നല്ല കഥാപാത്രം ലഭിക്കാൻ എളുപ്പമല്ല. എന്നാൽ ഒരുപാട് ആളുകൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ എത്രപേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല. ഞാൻ ഭാഗ്യവതിയാണ്. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറു വർഷം മുൻപ് 'നീന" തന്നു. ആദ്യ സിനിമയിൽത്തന്നെ ടൈറ്റിൽ കഥാപാത്രം.മുംബയ് യിൽ ജനിച്ചു വളർന്ന പാതി മലയാളി പെണ്ണാണ് ഞാൻ. 'നീന"യിൽ അഭിനയിക്കുമ്പോൾ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. ആറുവർഷത്തെ യാത്രയിൽ ഞാൻ ഏറെ സന്തോഷവതി.തെലുങ്ക് , കന്നട, മറാത്തി ഭാഷകളിലും അഭിനയിച്ചു. എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്.മുംബയ് യിൽ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു.അതു സംഭവിക്കുക തന്നെ ചെയ്യും.എന്നാൽ 'ഒാൺലി ഫോർ സിംഗിൾസ് " എന്ന ഹിന്ദി വെബ് സീരസിൽ അഭിനയിക്കാൻ കഴിഞ്ഞു. പുതിയ ഒരു ചുവടുവയ്പ്.
മോഡലിംഗ്
സ് കൂളിൽ പഠിക്കുമ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട്. കനോസ് ഹൈ സ്കൂളിൽ പഠിക്കുന്ന മോഡലിംഗ് ചെയ്യുന്ന കുട്ടി എന്ന വിലാസം ഏറെ ആസ്വദിച്ചു സെന്റ് സേവ്യഴ്സ് കോളേജിൽ എത്തുമ്പോൾ മോഡലിംഗ് രംഗത്ത് കൂടുതൽ സജീവമായി. ഒരു ബിസി കിഡായിരുന്നു ഞാൻ. എപ്പോഴും തിരക്കറിയ ജീവിതമാണ് ഇഷ്ടം. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.സാധാരണ പെൺകുട്ടിയായാണ് വീട്ടുകാർ വളർത്തിയത്. ടോം ബോയിഷും ഗേളിഷുമല്ല. 'നീന"യിലെ പോലെ ജീവിതത്തിൽ ഞാൻ ടോം ബോയിഷ് എന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട് .കള്ളു കുടിക്കുന്ന സിഗരറ്റ് വലിക്കുന്ന ആൺകുട്ടിയെ പോലെ ജീവിക്കുന്ന 'നീന"യിൽനിന്ന് ആ സിനിമ കഴിഞ്ഞപ്പോൾത്തന്നെ പുറത്തുകടന്നു. 2012ൽ മിസ് കേരള കിരീടം കരസ്ഥമാക്കി.മോഡലിംഗ് ചെയ്യുമ്പോൾ മനസിൽ തോന്നിയ ആഗ്രഹമായിരുന്നു അത്.
മഞ്ജു വാര്യർ
ഒരു ദിവസം മഞ്ജുവാര്യർ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. 'ലളിതം സുന്ദരം" പേരുപോലെതന്നെ മനോഹരം. മഞ്ജു ചേച്ചിയോടൊപ്പമുള്ള അഭിനയം ഏറെ ആസ്വദിച്ചു. അസാദ്ധ്യ അഭിനേത്രി. ഇത്രവേഗം മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. മധുചേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ.ഇൗ വർഷം തിയേറ്ററിൽ എത്തുന്ന എന്റെ ആദ്യ സിനിമയാണ് 'ലളിതം സുന്ദരം". ആദ്യ തമിഴ് ചിത്രം 'നാനും സിംഗിൾ താൻ" റിലീസിന് ഒരുങ്ങുന്നു. മലയാളത്തിൽ ലഭിച്ചതെല്ലാം ന്യുജനറേഷൻ കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങൾ എല്ലാം ബോൾഡാണ് . ഇന്ന് എല്ലാ പെൺകുട്ടികളും വളരെ ബോൾഡാണ്. കാര്യങ്ങൾ പേടി കൂടാതെ ചെയ്യുന്നു. ഞാൻ ബോൾഡ് വേഷങ്ങൾ മാത്രമേ ചെയ്യൂ എന്ന ഒരു ധാരണയുണ്ട്. ഒരുദിവസം അത് ബ്രേക്ക് ചെയ്യും.
ഗ്ളാമർ കാട്ടാൻ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ല. നല്ല ആശയം ഫോട്ടോഗ്രാഫർമാർ പങ്കുവയ്ക്കുന്നു. അതിന് ഞാൻ അനുയോജ്യയാണോയെന്ന് നോക്കും. പുതുമ ആഗ്രഹിക്കാറുണ്ട്. ഗ്ളാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങൾക്ക്'.ലക്കി" എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്. പൂളിൽ കുളിക്കുന്ന രംഗത്ത് ബിക്കിനി ധരിച്ചതിന് വിമർശനം ഉയർന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. മിസ് ഇന്ത്യ മത്സരത്തിന് ഇതിലും ഗ്ളാമറസായി വേഷം ധരിച്ചു.എന്തു വേഷം ധരിക്കുക എന്നത് എന്റെ ഇഷ്ടവുംസ്വകാര്യതയുമാണ്.
സാധാരണ കഥാപാത്രം
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം. ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെ ആഗ്രഹിക്കുന്നു. വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ മനസിൽ പ്രണയമില്ല. പ്രണയം നല്ല അനുഭവമാണ്. നല്ല ജീവിത പങ്കാളിയെ ലഭിക്കണം.അയാൾ ഏത് ദേശക്കാരനുമാകാം.അച്ഛൻ ദിവ്യേഷ് സതിയുടെ നാട് നൈനിറ്റാൾ. അമ്മ മാധുരിയുടെ നാട് കൊച്ചി. ഞാൻ ഏക മകൾ. ഒരു സാധാരണ കുടുംബം. രണ്ടാം വീടാണ് എനിക്ക് കേരളം.മലയാളികളാണ് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്. അതാണ് മലയാളിയുടെ സ്നേഹം എന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |