ഞാൻ സംതൃപ്‌തനാണ്, ഒടിയൻ കാണാനെത്തുന്ന പ്രേക്ഷകരോട് പറയാനുള്ളത് ഒരു കാര്യം മാത്രം

Thursday 13 December 2018 4:30 PM IST
odiyan

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഡിസംബർ 14ന് ഒടിയൻ എത്തുകയാണ്. 200 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ശ്രീകുമാർ മേനോൻ എന്ന സംവിധായകനെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയാണ്. ആ അനുഭവങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം, ഒപ്പം വായനക്കാർ ചോദിക്കാൻ ആഗ്രഹിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരവും.

പട്ടിണി കിടന്നാണെങ്കിലും ഒടിയനു വേണ്ടി താൻ മെലിയുമെന്ന് മോഹൻലാൽ മുമ്പ് പറഞ്ഞിട്ടുണ്ട്. ശരിക്കും പട്ടിണി കിടക്കേണ്ടി വന്നോ അദ്ദേഹത്തിന്?

പട്ടിണിയൊന്നും കിടക്കേണ്ടി വന്നില്ലെങ്കിലും ഈ ഒരു ചിത്രത്തിനു വേണ്ടി ലാലേട്ടൻ എടുത്ത അധ്വാനം മറ്റ് താരങ്ങൾ കണ്ടു പഠിക്കണം. അത്രത്തോളം ത്യാഗമാണ് മോഹൻലാൽ ഒടിയന് വേണ്ടി ചെയ്‌തത്. ഒരുപക്ഷേ 40 വർഷം നീണ്ട ആ കരിയർ തന്നെ അവസാനിച്ചു പോകുമായിരുന്നത്ര അപകട സാധ്യതകൾ അദ്ദേഹം തരണം ചെയ്‌തിട്ടുണ്ട്. അപ്പോഴെല്ലാം ഡിസംബർ 14 എന്ന തീയതി മാത്രമായിരുന്നു അദ്ദേഹം കണ്ടത്. അതാണ് ഞാൻ നേരത്തെ പറഞ്ഞ മോഹൻലാൽ എന്ന നമ്മളെ എപ്പോഴും വിസ്‌മയിപ്പിക്കുന്ന മനുഷ്യൻ.

odiyan

25 വർഷങ്ങൾക്ക് ശേഷമാണ് പ്രകാശ് രാജും മോഹൻലാലും ഒരു ഫ്രെയിമിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയൻ മാണിക്യനെ കൂടുതൽ ശക്തനാക്കുകയാണോ പ്രകാശ് രാജ്?

തീർച്ചയായും. ഏറ്റവും നല്ല സിനിമകളിൽ ആദ്യം സൃഷ്‌ടിക്കപ്പെടുക വില്ലനാണെന്ന് ഒരിക്കൽ എന്നോട് പറഞ്ഞത് എം.ടി സാറാണ്. വില്ലന്റെ ശക്തി എപ്പോഴും പ്രതിഫലിക്കുന്നത് നായകനിലാണ്. അത്തരത്തിൽ ഒടിയൻ മാണിക്യന് തീർത്തും ഒരു വെല്ലുവിളി തന്നെയാണ് പ്രകാശ രാജിന്റെ രാവുണ്ണി. ഇരുവരും ചേർന്ന് വിളമ്പുന്ന അതി സ്വാദിഷ്‌ടമായ സദ്യ തന്നെയാകും പ്രേക്ഷകർക്ക് ഒടിയൻ.

odiyan

നായകനെയും പ്രതിനായകനെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ മഞ്ജുവാര്യരുടെ പ്രഭയെ നമുക്ക് വിസ്‌മരിക്കാൻ കഴിയില്ല?

വളരെ ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലുള്ളത്. ശക്തരായ നായകനും പ്രതിനായകനും എത്തുമ്പോൾ അവർക്കിടയിലുള്ള നായികയെ മഞ്ജുവിനെ പോലെ അതീവ അഭിനയപാടവമുള്ള നടിക്ക് മാത്രമെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുകയുള്ളു. അഭിനയത്തിലേക്ക് തിരിച്ചു വന്ന നാൾ മുതൽ മഞ്ജുവാര്യർ കേൾക്കുന്ന വിമർശമാണ് പഴയ മഞ്ജുവിനെ കാണാൻ കഴിയുന്നില്ലെന്ന്. അതിനെല്ലാമുള്ള ഉത്തരം കൂടിയാണ് ഒടിയൻ.

odiyan
odiyan

പീറ്റർ ഹെയ്‌ൻ തന്നെ പറഞ്ഞല്ലോ കരിയറിൽ താൻ ചെയ്‌ത ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫിയാണ് ഒടിയന്റേതെന്ന്?

നൂറ് ശതമാനവും ശരിയാണത്. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഒടിയനു വേണ്ടി ഒരുക്കിയിരിക്കുന്നത്. 31 ദിവസമെടുത്താണ് ഒടിയന്റെ ക്ളൈമാക്‌സ് രൂപപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ക്ളൈമാക്‌സുകളിലൊന്നാണിത്. പ്രേക്ഷകരോട് ഒന്നേ പറയാനുള്ളു, സ്ഥിരം ആക്ഷൻ രംഗങ്ങൾ മറന്ന് തിയേറ്ററിലേക്ക് വരൂ, ഒടിയൻ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച.

odiyan

ആദ്യത്തെ തിരക്കഥയ്‌ക്ക് തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തിയ ആളാണ് ഒടിയന്റെ തിരക്കഥകൃത്ത് ഹരികൃഷ്‌ണൻ. അദ്ദേഹവുമായുള്ള ഒരു കെമിസ്‌ട്രി?

ഹരിച്ചേട്ടൻ എന്റെ നാട്ടുകാരൻ തന്നെയാണ്. ഒരു ചെറിയ സിനിയിൽ നിന്നുമാരംഭിച്ച ചർച്ചയിൽ നിന്നാണ് ഇന്ന് കാണുന്ന ഒടിയൻ എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ പിറവി. അദ്ദേഹം ആദ്യം എഴുതി കാണിച്ച ഒരു സീനിൽ തന്നെ ഒടിയൻ എന്ന മനോഹര ചിത്രം നിറഞ്ഞു നിന്നിരുന്നു. ഞങ്ങൾ ഇരുവരും ഒന്നിച്ചു കണ്ട സ്വപ്‌നം തന്നെയാണ് ഒടിയൻ എന്നുപറയാം. കുട്ടിസ്രാങ്ക് പോലുള്ള ചിത്രങ്ങൾ എഴുതിയ ക്ളാസിക് സ്ക്രിപ്‌റ്റ് റൈറ്ററിൽ നിന്നും മാസ് സ്ക്രിപ്‌റ്റ് റൈറ്ററിലേക്കുള്ള ഹരികൃഷ്‌ണന്റെ യാത്ര തുടങ്ങുന്നത് ഒടിയനിൽ നിന്നായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ഇതുവരെ എത്രത്തോളം തൃപ്‌തനാണ് ശ്രീകുമാർ മേനോൻ?

ഉത്തരം പറയാൻ വളരെ ക്ളേശകരമായ ചോദ്യമാണത്. ഒരു പക്ഷേ ഒടിയൻ ഷൂട്ടിംഗ് തുടങ്ങുന്നതിന് 200 ദിവസം മുമ്പുള്ള ശ്രീകുമാർ മേനോനോട് ഇന്ന് ഈ അവസ്ഥയിലുള്ള ശ്രീകുമാർ മേനോൻ തന്നെ ആ ചോദ്യം ചോദിച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായി എടുക്കാൻ കഴിയുമായിരുന്നു എന്നേ ഞാൻ പറയുകയുള്ളു. കാരണം 200 ദിവസത്തെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് വളരെയേറെ കാര്യങ്ങളാണ്. പക്ഷേ ഞാൻ സംതൃപ്‌തനാണ്. എന്നാൽ ഒടിയന് വേണ്ടി മറ്റുള്ളവർ നൽകിയ ആത്മസമർപ്പണത്തിന് വിലയിടാൻ ഞാൻ ആളല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA