പരുത്തി വീരനിലെ മുത്തഴകായി ഇന്ത്യൻ സിനിമയോളം അഭിമാനമായി വളർന്ന പ്രിയാമണി മലയാളികൾക്ക് സത്യത്തിലെ സോനയും തിരക്കഥയിലെ മാളവികയും പുതിയ മുഖത്തിലെ അഞ്ജനയും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റിലെ പത്മശ്രീയുമൊക്കയാണ്.തന്റെ സിനിമ സപര്യ രണ്ട് പതിറ്റാണ്ടോളമാവുമ്പോൾ ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കന്നഡ, തെലുങ്ക് ,തമിഴ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം പ്രിയാമണി വിസ്മയം തീർത്തു. എവിടെയാണെങ്കിലും സ്വന്തം കയ്യൊപ്പ് പതിപ്പിക്കാൻ മറക്കാത്ത നടി. പ്രിയാമണി ഇപ്പോൾ മനോജ് ബാജ്പേയ്ക്കൊപ്പം ഫാമിലി മാൻ എന്ന വെബ് സീരിസിൽ തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ തമിഴിൽ സൂപ്പർഹിറ്റായ അസുരന്റെ തെലുങ്ക് റീമേക്ക് നാരപ്പയിൽ പച്ചമ്മാളായും വേഷമിടുന്നു. തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളും ഒപ്പം എന്ത് കൊണ്ട് മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തുവെന്നും പ്രിയാമണി ഇതാദ്യമായി തുറന്നു സംസാരിക്കുന്നു.
വെബ് സീരീസിലാണല്ലോ ഇപ്പോഴത്തെ ശ്രദ്ധ ?
ഫാമിലി മാനിലെ സുചിത്രയാണ് ഏറ്റവും പുതിയ വിശേഷം. മനോജ് ബാജ്പേയ് പോലൊരു നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചു. തമിഴ് പെണ്ണാണ് സുചിത്ര.
മനോജ് ബാജ്പേയ്ക്ക് ഒപ്പമുള്ള അനുഭവം ?
അദ്ദേഹത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും പറയേണ്ട കാര്യമില്ലല്ലോ.മനോജ്സാറെ പോലെയൊരു നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണാനാണ് ഇഷ്ടം. കൂടുതൽ സീസൺ ഫാമിലി മാനിന് ഇല്ലെങ്കിലും സാറിനൊപ്പം സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
ഒ ടി ടിയെക്കുറിച്ച് ?
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സംഭവമായി മാറാൻ പോവുന്നതാണ് ഒടി ടി.ഓരോരുത്തരുടെ സമയവും കംഫർട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാൻ സാധിക്കും. ലോക്ക്ഡൗൺ സമയത്ത് അത് കൂടുതൽ സഹായകമായി എന്ന് തന്നെ പറയാം. ചില സിനിമകൾ 70 എം എം സ്ക്രീനിൽ കാണുന്നത് തന്നെയാണ് ഫീൽ.തിയേറ്റർ അനുഭവം എപ്പോഴും മികച്ചു നിൽക്കുന്നതാണ്.
പുതിയ പ്രോജക്ടുകൾ ?
ഞാൻ തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് . എക്സ്സൈറ്റിങ്ങായി ചില വെബ് സീരീസുകളും സിനിമകളും പുതിയതായി പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ ഒഫിഷ്യലായി അറിയിക്കാം.അസുരൻ തെലുങ്ക് റീമേക്ക് നാരപ്പയും റാണയുടെ കൂടെയുള്ള വിരാട്ട പാർവയുമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
മലയാളത്തിൽ സാന്നിദ്ധ്യം കുറയുന്നു ?
മലയാളം ഞാൻ ചെയ്യില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടാം പടിയിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്സ്സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാൽ തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |