ഞങ്ങൾ കാണുമ്പോൾ ഹോട്ടലിന്റെ വരാന്തയിൽ ഈച്ചകളുടെ നടുവിൽ ഇരിക്കുകയായിരുന്നു മധുസാർ

Thursday 11 October 2018 5:04 PM IST
madhu-sheela

 

മലയാള സിനിമയുടെ എക്കാലത്തെയും പ്രണയജോഡികളാണ് മധുവും ഷീലയും. ഇരുവരും ചേർന്നഭിനയിച്ച നിണമണിഞ്ഞ കാൽപ്പാടുകളും,ചെമ്മീനുമെല്ലാം മലയാള സിനിമയുടെ നിലനിൽപ്പിനോളം ഓർക്കപ്പെടുന്ന ചിത്രങ്ങളാണ്. എൺപത്തിയഞ്ചാം വയസിലും അന്നത്തെ ചുറുചുറുക്കിനും നർമ്മബോധത്തിനും ഒപ്പം മനുഷ്യത്വത്തിലും മധുസാറിൽ ഒരുകുറവും വന്നിട്ടില്ലെന്ന് പറയുകയാണ് ഷീല.

അടുത്തിടെ മുംബയിൽ നടന്ന ഒരു പരിപാടിയിൽ മധു സാറിനൊപ്പം പങ്കെടുത്ത വിശേഷങ്ങൾ കേരളകൗമുദി ഫ്ളാഷ് മൂവിസിനോട് പങ്കുവയ്‌ക്കവെയാണ് ഷീല ഇക്കാര്യം വ്യക്തമാക്കിയത്. 'മലയാളത്തിലെ പ്രശസ്‌തരായ പല അഭിനേതാക്കളും അണിനിരന്ന ഒരു പരിപാടിയായിരുന്നു അത്. മധു സാറാണ് ആദ്യം മുംബയിൽ എത്തിയത്. ഞങ്ങളെല്ലാം മറ്റൊരു ഫ്‌ളൈറ്റിലാണ് പോയത്. എയർപോർട്ടിലെത്തിയ ഞങ്ങളെ താമസ സൗകര്യം ഒരുക്കിയിരുന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി. വളരെ ചെറിയൊരു ഹോട്ടൽ. ഈച്ചകൾ പാറി നടക്കുന്നു. പോരാത്തതിന് കറണ്ടുമില്ല. ഞങ്ങൾ നോക്കുമ്പോൾ ആ ഹോട്ടലിന്റെ വരാന്തയിൽ ഈച്ചകളുടെ നടുവിൽ ഇരിക്കുകയാണ് മധു സാർ. അദ്ദേഹത്തിന് ഒരു പരാതിയുമില്ല. അവിടെ താമസിക്കാൻ കഴിയില്ലെന്ന് മറ്റുള്ളവരെല്ലാം സ്‌പോൺസറോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ഹോട്ടൽ ലീലയിലേക്ക് മാറ്റി.

ഏറെ നിർബന്ധിച്ചിട്ടും മധു സാർ മാത്രം വന്നില്ല. പാവം സ്‌പോൺസർ, പണമില്ലാത്തതിനാലാവും ഈ ഹോട്ടൽ ബുക്ക് ചെയ്തതെന്നു പറഞ്ഞ് അദ്ദേഹം അവിടെ തന്നെ താമസിച്ചു. അതാണ് മധു സാറിന്റെ മനസ്. ഏത് സാഹചര്യവുമായും പൊരുത്തപ്പെട്ട് പോകും. അഭിമുഖത്തിന്റെ പൂർണരൂപം ഒക്‌ടോബർ ലക്കത്തിലെ ഫ്ളാഷ് മൂവിസിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA