കൊച്ചി: 'സൂത്രവാക്യം' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്ത് നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും. താനും വിൻസിയും തമ്മിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് ഷൈൻ പരിപാടിയിൽ പറഞ്ഞു. ഒരു മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷൈനും വിൻസിയും.
ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കണ്ടിട്ട് തോന്നുന്നുണ്ടോയെന്ന് ഷൈൻ ചോദിച്ചപ്പോൾ അങ്ങനെ തോന്നുന്നില്ല എന്നാണ് ചോദിച്ചയാൾ പറഞ്ഞത്. അപ്പോൾ പ്രശ്‌നമൊന്നും ഉണ്ടാവില്ല. ഇല്ല എന്ന് ചിരിച്ചുകൊണ്ട് ഷൈൻ പറഞ്ഞു. ഇതേ ചോദ്യം തന്നെ അവർ വിൻസിയോടും ആവർത്തിച്ചു.
'അന്നത്തെ പ്രശ്‌നം എല്ലാവർക്കും അറിയാമല്ലോ. എനിക്കെന്തുകൊണ്ട് ആ സമയത്ത് അന്നങ്ങനെ ചെയ്യേണ്ടിവന്നു എന്നുള്ളതിന്റെ കാര്യം പറയാം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത്, എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ അത് ആദ്യം പറഞ്ഞത് ഷൈൻ ചേട്ടനോടാണ്. ഞങ്ങൾ ഒരു ഇടവകക്കാരാണ്. പിന്നീട് ഷൈൻ ചേട്ടനുണ്ടായ ഉയർച്ചകൾ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം പല ഇന്റർവ്യൂകളും കാണുമ്പോൾ അദ്ദേഹം ഹൈപ്പർ ആയി തോന്നിയിരുന്നു.
പക്ഷേ, പല നടന്മാരും പറഞ്ഞിട്ടുണ്ട് അദ്ദേഹം പേഴ്‌സണലി അങ്ങനെയൊരു സ്വഭാവമുള്ള ആളല്ലെന്ന്. വർഷങ്ങൾ ശേഷം ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അന്നും ഇന്നും മാറ്റമില്ലാത്ത ഒരു കാര്യം, അദ്ദേഹം നല്ലൊരു ആർട്ടിസ്റ്റാണ് എന്നതാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ എനിക്കറിയില്ല. പക്ഷേ, അന്നുണ്ടായ സംഭവം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റം കണ്ടിട്ട് അത്രയും ബഹുമാനം എനിക്ക് തോന്നുന്നുണ്ട്.' - വിൻസി പറഞ്ഞു.
'ഷൂട്ടിംസ് സമയത്ത് പല തമാശകളും പറഞ്ഞിട്ടുണ്ട്. അത് ഓപ്പോസിറ്റ് നിൽക്കുന്നയാൾക്ക് അത്രയും വിഷമമുണ്ടാക്കും എന്നത് ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു കാര്യം കേൾക്കുമ്പോൾ അഞ്ചുപേരുണ്ടെങ്കിൽ അത് അഞ്ച് രീതിയിലായിരിക്കും എടുക്കുക. എന്റെ ഭാഗത്ത് നിന്നും വിഷമിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ സോറി ' - വിൻസിക്ക് മറുപടിയായി ഷൈൻ ടോം ചാക്കോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |