SignIn
Kerala Kaumudi Online
Monday, 18 May 2026 2.37 AM IST

'രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചു, വീട് ജപ്തിയിലാണ്'; സിനിമ നിർമിച്ച് തകർന്നുപോയെന്ന് നടൻ സുബീഷ് സുധി

subeesh

അഭ്രപാളിയിലെ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കണ്ണീർക്കഥകൾ സിനിമാലോകത്ത് പുതിയതല്ല. എന്നാൽ, താൻ നായകനായ സിനിമ സ്വന്തം ജീവിതം തകർത്തുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സിനിമ നിർമിച്ച് ലക്ഷങ്ങളുടെ കടക്കെണിയിലായെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും സുബീഷ് ഫേസ്ബുക്കിൽ കുറിച്ചു.

സുബീഷ് സുധിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പിന്നെ നോമ്പ് മാസവും എക്‌സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു . റിലീസിന് 2 ദിവസം മുന്നേ തിരക്കഥകൃത്ത് നിസാംക്ക മരണപെട്ടു. പിന്നെ ഈ സിനിമ വിൽക്കാൻ ബോംബെയിൽ പോയി അവിടെ കുറെ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കെതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിലാണ്. ഇപ്പോൾ എന്റെ ഫോണിലേക്ക് പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്.

പിടിച്ചു നിൽക്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് അറ്റപ്‌റ്റിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.'- സുബീഷ് കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUBEESH SUDHI, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY