അന്നെനിക്ക് 18, കെ.ടിക്ക് 54ഉം, 36 വയസ് മുതിർന്നയാളെ വിവാഹം കഴിക്കേണ്ടി വന്നതിനെ കുറിച്ച് നടി സീനത്ത്

Friday 11 January 2019 4:34 PM IST
actress-zeenath-kt-muhamm

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി സീനത്ത്. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിനെ തേടി എത്തിയത്. എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തിയ തന്റെ ജീവിതവും അതീവ നാടകീയത നിറഞ്ഞതായിരുന്നെന്ന് പറയുകയാണ് താരം. പതിനെട്ടാമത്തെ വയസിൽ 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെ വിവാഹം കഴിക്കേണ്ടി വന്നതും അത്തരമൊരു നാടകീയതയുടെ ഭാഗമയാണ്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സീനത്ത് മനസ് തുറന്നത്.

കോഴിക്കോട് കലിംഗ തിയേറ്റേഴ്‌സിൽ വച്ചാണ് ഞാൻ കെ.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മലബാറിലെ നാടക ലോകത്ത് വൻ മാറ്റങ്ങൾ കൊണ്ടുവന്ന് പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുകയാണ് അദ്ദേഹം. കെ.ടിയുടെ സൃഷ്‌ടി എന്ന നാടകത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. കെ.ടിക്ക് അന്ന് ചെറുതായി ആസ്‌തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാൻ എന്നോടാണ് ആവശ്യപ്പെടുന്നത്. പിന്നീടാണ് കെ.ടിയെ ഞാൻ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്. ആ ശൈലിയോട് എപ്പോഴോ ഞാനറിയാതെ ഇഷ്‌ടം തോന്നി തുടങ്ങിയിരുന്നു.

actress-zeenath-kt-muhamm

പെട്ടെന്നൊരു ദിവസം സീനത്തിനെ എന്നകൊണ്ട് വിവാഹം കഴിപ്പിക്കാമോ എന്ന് അദ്ദേഹം എന്റെ ഇളമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉൾക്കൊള്ളാനായില്ല. പ്രായമായിരുന്നു പ്രധാനകാരണം. ഇതിനിടെ ഞാൻ കെ.ടിയെ വിവാഹം കഴിക്കാൻ പോകുന്നതായി നാടകസമിതിയിൽ ചിലർ പ്രചരിപ്പിക്കാൻ തുടങ്ങി. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. തുടർന്ന് ഞാൻ കെ.ടിയോട് സംസാരിക്കാതെയായി. ഇതിനിടയിൽ ഞാനും ഇളയമ്മയുമുൾപ്പടെയുള്ളവരെ നാടക സമിതിയിൽ നിന്ന് പിരിച്ചു വിട്ടു. കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി പറഞ്ഞത്.

ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷനിൽ ചെയർമാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിൽ എനിക്ക് കെ.ടിയെ വിവാഹം ചെയ്യാൻ സമ്മാതമാണെന്ന് പറഞ്ഞു. എന്റേത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകൾ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ് 16 വർഷമായിരുന്നു' - സീനത്ത് പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA