അലംകൃത എന്ന അല്ലിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ താരം. അല്ലി എഴുതിയ ഇംഗ്ളീഷ് ചെറുകവിത ഏറ്റവും പുതിയ വിശേഷമായി അമ്മ സുപ്രിയ മേനോൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് ആരാധകരും ഏറ്റെടുത്തു. കുഞ്ഞുകൈയക്ഷരത്തിൽ എഴുതിയ ഇത്തിരിപോന്ന കവിത. തന്റെ റഫ് ബുക്കിൽ അല്ലി എഴുതിയതാണിത്. ബ്ളൂബെറി ബെൽസ് എന്ന് ആരംഭിക്കുന്ന കവിത അടിപൊളിയായിട്ടുണ്ടെന്ന് ആരാധകർ. അല്ലിയുടെ റഫ് നോട്ട് ബുക്ക് നോക്കിയപ്പോഴാണ് അവൾ എഴുതിയ കവിത കണ്ടത്. രണ്ട് കവിതകൾ എഴുതിയിട്ടുണ്ടെന്ന് സുപ്രിയ.
ഇത്ര ചെറുപ്രായത്തിലെ സ്പെല്ലിംഗും റൈമും അർത്ഥവും തെറ്റാതെ പാട്ടെഴുതിയ അല്ലി മിടുക്കിയാണെന്ന് ആരാധകർ. തങ്ങളേക്കാൾ നല്ല കൈയക്ഷരം അല്ലിക്കുണ്ടെന്നും ആരാധകർ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് അല്ലിയുടെ ആദ്യ കലാസൃഷ്ടി . കോവിഡ് വാക്സിൻ പാട്ടായിരുന്നു അത്. ഗോ കൊറോണ ഗോ, ബ്രിംഗ് ദി വാസ്കിൻ സൂൺ എന്ന് ആരംഭിച്ച പാട്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പൃഥ്വിരാജ് മാത്രമല്ല, സുപ്രിയും അഞ്ചു വയസുകാരിയായ അല്ലിയും സമൂഹമാദ്ധ്യമത്തിൽ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.
വല്ലപ്പോഴും മാത്രമേ അല്ലിയുടെ മുഖം പൃഥ്വിരാജും സുപ്രിയയും ആരാധകരെ കാണിക്കാറുള്ളൂ. മൂന്നുമാസം മുൻപാണ് അല്ലിയോടൊപ്പമുള്ള ചിത്രം സുപ്രിയ ഒടുവിൽ പങ്കുവച്ചത്. പൃഥ്വിയുടെ നെഞ്ചിൽ ചാഞ്ഞുകിടക്കുന്ന അലംകൃതയുടെ ചിത്രം. ഏറെ നാളുകൾക്കു ശേഷം അല്ലിയുടെ മുഖം വ്യക്തമാകുന്ന ചിത്രം സുപ്രിയ പങ്കുവയ്ക്കുകയായിരുന്നു. സാധാരണ പിറന്നാളിനാണ് ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാറ്. 'വെള്ളിയാഴ്ച രാത്രിയിലെ എന്റർടൈയ്ൻമെന്റ്.
ഡാഡയും മകളും കൂടി സീറിയൽ ബോക്സിലെ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് എന്ന അടിക്കുറിപ്പോടെയുള്ള മനോഹരചിത്രമായിരുന്നു അത്. 'ഇത്തവണ മകളുടെ മുഖം ഇത്രയെങ്കിലുംകാണിച്ചല്ലോ, അല്ലിമോളെ ഉറങ്ങാൻ വിടൂ രാജുവേട്ടാ, ഇത്തവണ അല്ലിയുടെ മുഖം കണ്ടേ" തുടങ്ങിയ കമന്റുകളാൽ നിറഞ്ഞു.
അലംകൃതയുടെ ഓരോ വിശേഷങ്ങളും ആവേശത്തിലാണ് സമൂഹമാദ്ധ്യമവും ആരാധകരും ഏറ്റെടുക്കുന്നത് .അച്ഛനെ പോലെ ഇംഗ്ളീഷിൽ മകളും പുലിയാണെന്ന് ആരാധകരിൽ അധികംപേരും വിശേഷിപ്പിക്കുന്നു. അല്ലിയുടെ അടുത്ത വിശേഷം അറിയാൻ കാത്തിരിക്കുകയാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |