ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ പുതിയ റെക്കാഡിട്ട് സൂപ്പർ താരം അല്ലു അർജുൻ. 13 മില്യൺ (ഒരുകോടി മുപ്പത് ലക്ഷം) പേരാണ് അല്ലുവിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അല്ലു അർജുൻ. തെലുങ്ക് യുവ താരമായ വിജയ് ദേവർ കൊണ്ടേയാണ് അല്ലുവിന്റെ തൊട്ട് പിന്നിൽ.
ഫഹദ് ഫാസിൽ പ്രതിനായകനായെത്തുന്ന പുഷ്പയാണ് അല്ലുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന പുഷ്പ തെലുങ്കിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്. ഈ ക്രിസ്മസിന് പുഷ്പയുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും.
അല്ലുവിനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടം സെട്ടി മീഡിയയുടെയും ബാനറിൽ നവീൻ റയർ നേനിയും വൈ. രവിശങ്കറും ചേർന്നാണ്. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.
കഴിഞ്ഞ വർഷം റിലീസായ റൊമാന്റിക്ക് ആക്ഷൻ ഫാമിലി ഡ്രാമയായ അലു വൈകുണ്ഠപുരമുലോ (അങ്ങ് വൈകുണ്ഡപുരത്ത്) എന്ന ചിത്രത്തിന്റെ ഐതിഹാസിക വിജയമാണ് അല്ലു അർജുന്റെ താരമൂല്യം കുത്തനെ ഉയർത്തിയത്. ജയറാമും ഗോവിന്ദ് പത്മസൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |