റിലീസിന് 4 , അണിയറയിൽ 7
യുവനടൻമാരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളുമായി ആസിഫ് അലി മുന്നിൽ. പത്തിലധികം ചിത്രങ്ങളാണ് ആസിഫ് അലി നായകനായി ഒരുങ്ങുന്നത്. ഏറ്റവും പുതിയ ചിത്രമായ അടവ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. തന്റെ അഡ്വാൻസ് വിഷുക്കണി എന്നാരംഭിക്കുന്ന കുറിപ്പോടെയാണ് ആസിഫ് അലി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ നമ്മളെല്ലാവരും ചില അടവുകൾ പ്രയോഗിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടേത്. വൈകാതെ ഇത് നിങ്ങളുടേതാവും.
ആസിഫ് അലി കുറിച്ചു. രതീഷ് കെ. രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുഹമ്മദ് നിഷാദ് രചന നിർവഹിക്കുന്നു. അൻസാർ ഷാ ആണ് ഛായാഗ്രഹണം. ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗീസാണ് നിർമ്മാണം. ആർ.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ചെൽദോ ആണ് ആസിഫ് അലി നായകനായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അതേസമയം രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, സിബിമലയിലിന്റെ കൊത്ത്, ജിസ് ജോയ്യുടെ ഇന്നലെ വരെ, എബ്രിഡ് ഷൈന്റെ മഹാവീര്യർ എന്നീ ചിത്രങ്ങളാണ് ആസിഫ് അലി നായകനായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലിയും സിബി മലയിലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് കൊത്ത്. സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയും, നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യന്ന എ. രഞ്ജിത്ത് സിനിമ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്നീ സിനിമകൾ ചിത്രീകരണ ഘട്ടത്തിലാണ്. മഹേഷും മാരുതിയിൽ മംമ്ത മോഹൻദാസാണ് ആസിഫ് അലിയുടെ നായിക. സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നതിനുശേഷം പന്ത്രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞു ആസിഫ് അലിയും മംമ്ത മോഹൻദാസും വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. ഏറെ ദുരൂഹത ഉണർത്തുന്ന പ്രമേയമാണ് ആസിഫ്അലിയും ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന കൂമൻ എന്ന ചിത്രത്തിന്റേത്. ബി.ടെക് എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും മൃദുൽ നായരും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |