'ഇത് ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലേ. ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി." ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.. . ഇന്ദ്രൻസിന്റെ സ്നേഹത്തിൽ വികാരഭരിതനായി ബാദുഷ
മെയ്ഡ് ഇൻ കാരവനിലെ അതിഥിവേഷം പ്രതിഫലം വാങ്ങാതെ അഭിനയിച്ച ഇന്ദ്രൻസിന്റെ സ്നേഹത്തിൽ വികാരഭരിതനായി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ.''ഒറ്റ ദിവസമേ മെയ്ഡ് ഇൻ കാരവനിൽ ഇന്ദ്രൻസേട്ടൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സ്ഥാനമുള്ള ഒരു സസ്പൻസ് ക്യാരക്ടറാണ് അദ്ദേഹത്തിന്റേത്." ബാദുഷ പറഞ്ഞു.
ബാദുഷ നിർമ്മാണ പങ്കാളിയാകുന്ന പത്തൊമ്പതാം നൂറ്റാണ്ട്, ബർമുഡ എന്നീ ചിത്രങ്ങളിലും ഇന്ദ്രൻസുണ്ട്. അടുത്ത മാസം ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ഒരു ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും ബാദുഷ അറിയിച്ചു.
'' രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയയുടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ തങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു 'ഇത് ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലേ. ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി." ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.. . ഹോമിൽ നിങ്ങളെന്നെ കരയിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു. എന്ത ്പാവമാണ് നിങ്ങൾ. നന്ദി.. ഇന്ദ്രൻസേട്ടാ..."" ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
ദുബായിലെ പ്രവാസികളുടെ ജീവിതകഥ പറയുന്ന മെയ്ഡ് ഇൻ കാരവന്റെ ചിത്രീകരണം അബുദാബിയിലാണ് തുടങ്ങിയത്. പിന്നീട് ദുബായിലെ ചിത്രീകരണത്തോടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി.
നവാഗതനായ ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജോമി. സിനിമ കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം പ്രിജിൽ നായകനാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്ന ആന്റണിയാണ് നായിക. ആൻസൺ പോൾ, മിഥുൻ രമേഷ് എന്നിവർക്കൊപ്പം അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെന്റിനോ എന്നിവരും വേഷമിടുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീത സംവിധാനം നിർവഹിക്കുന്നു. കാമറ : ഷിജു. എം. ഭാസ്്കർ, എഡിറ്റിംഗ് : വിഷ്ണു വേണുഗോപാൽ, പ്രോജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, കലാസംവിധാനം: രാഹുൽ രഘുനാഥ്, മേയ്ക്കപ്പ്: നയന രാജ്, കോസ്റ്റ്യൂംസ് : സംഗീത. ആർ. പണിക്കർ, സൗണ്ട് ഡിസൈൻ : രജീഷ് കെ.ആർ. (സപ്ത) സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി. ശിവപ്രസാദ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് റിലീസ് ചെയ്തത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം തിയേറ്ററുകളിൽത്തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ബാദുഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |