കൊവിഡ് വ്യാപനത്തെ തുടർന്ന് മോഹൻലാലിന്റെ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റി. മേയ് 13 ന് റിലീസ് നിശ്ചയിച്ചിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12 ന് ഓണം റിലീസായി എത്തും. 2016 ൽ റിലീസ് ചെയ്ത ഒപ്പത്തിനുശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന മരക്കാർ കൊവിഡ് വ്യാപനവും ലോക് ഡൗണും കാരണം മാറ്റിവച്ചിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്. അഞ്ച് ഭാഷകളിലായി അമ്പതിലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന ആറാട്ട് നവരാത്രി റിലീസായി തിയേറ്ററിൽ എത്തും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയ കൃഷ്ണയാണ്. തെന്നിന്ത്യൻതാരം ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, സ്വാസിക, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം വിജയ് ഉലക്നാഥ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് റിലീസായി എത്തും.
പോർച്ചുഗീസ് പശ്ചാത്തലമുള്ള പീരിഡ് സിനിമയാണ് ബറോസ്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിൽ എത്തുന്നതാണ് പ്രമേയം. ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻലാലാണ് അവതരിപ്പിക്കുന്നത്. പൃഥിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |