ഭോലാ ശങ്കറിൽ തന്റെ സഹോദരി വേഷം നിരസിച്ച സായി പല്ലവിയ്ക്ക് രസകരമായ മറുപടി നല്കിയിരിക്കുകയാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. തനിക്ക് സായി പല്ലവിയുടെ സഹോദരനായി അഭിനയിക്കുന്നതിനേക്കാൾ ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്നാണ് ചിരഞ്ജീവി പറയുന്നത്. നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ പങ്കെടുത്ത് ചിരഞ്ജീവിപറഞ്ഞു. ചിരഞ്ജീവിയുടെ രസകരമായ ഇൗ പരാമർശത്തിന്റെ വീഡിയോ ഇതിനകം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ചിരഞ്ജീവിയുടെ വാക്കുകൾ സായിപല്ലവി പൊട്ടിച്ചിരിയോടെയാണ് കേട്ടത്. ഭോലാ ശങ്കറിലേക്കുള്ള ക്ഷണം സായിപല്ലവി നിരസിച്ചത് വലിയ ചർച്ചയായിരുന്നു.
'' പുതിയ സിനിമയായ ഭോലാ ശങ്കറിൽ ആദ്യം എന്റെ അനിയത്തിയായി പരിഗണിച്ചത് സായി പല്ലവിയെയാണ്. എന്നാൽ സായി ആ അവസരം നിരസിച്ചു. അത് വലിയ ചർച്ചയായെങ്കിലും എനിക്ക് അത് സന്തോഷം നൽകുന്ന കാര്യമാണ്. റൊമാന്റിക് ചിത്രത്തിൽ സായിയുടെ നായകനായി അഭിനയിക്കാനാണ് കൂടുതലിഷ്ടം. അവരോടൊപ്പം ഡ്യുയറ്റ് ചെയ്യണം എന്നാണ് ആഗ്രഹം. സഹോദരിയുടെ വേഷം സായി ചെയ്തിരുന്നെങ്കിൽ ഈ അവസരങ്ങൾ ഇല്ലാതായേനെ."" ചിരഞ്ജീവി പറഞ്ഞു. എന്നാൽ റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ പേടിയും താത്പര്യമില്ലാത്തതും കൊണ്ടാണ് ഭോലാ ശങ്കറിലെ സഹോദരി വേഷം നിരസിച്ചതെന്ന് സായിപല്ലവി പറയുന്നു. ചിരഞ്ജീവിക്കൊപ്പം ഒരു നർത്തകിയായും നായികയായും അഭിനയിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സായിപല്ലവി വ്യക്തമാക്കി. നിറഞ്ഞ കൈയടിയോടെയാണ് സായിപല്ലവിയുടെ വാക്കുകൾ സദസ് ഏറ്റുവാങ്ങിയത്.
അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കർ.ചിരഞ്ജീവിയുടെ അനിയത്തി വേഷം കീർത്തി സുരേഷാണ് അവതരിപ്പിക്കുന്നത്. മെഹർ രമേശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കീർത്തി റെക്കോഡ് പ്രതിഫലമാണ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |