* ദുൽഖറിന്റെ ഏറ്റവും വലിയ റിലീസ്
* റിലീസിന് ഒരാഴ്ച മുൻപേ ആദ്യ ദിവസം എല്ലാ ഷോയും ഹൗസ് ഫുൾ
ദുൽഖർ സൽമാന്റെ അഭിനയജീവിതത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ കുറുപ്പ് 450 സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ തിയേറ്ററുടമകളുടെ സംഘടനയായ ഷിയോക്കിന്റെ പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുൽഖർ അഭിനയിച്ച ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് അഞ്ച് ഭാഷകളിലായി നവംബർ 12ന് ആണ് തിയേറ്ററുകളിലെത്തുന്നത്.
കേരളത്തിൽ റിലീസിന് ഒരാഴ്ച മുൻപേ ആരംഭിച്ച അഡ്വാൻസ് റിസർവേഷന് അദ്ഭുതപൂർവമായ പ്രതികരണമാണ് ഇതിനകം ലഭിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ആദ്യ പ്രദർശനത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയി. ആദ്യ ദിവസത്തെ എല്ലാ ഷോയും ഹൗസ് ഫുൾ ആയിക്കഴിഞ്ഞതോടെ എക്സ്ട്രാ ഷോയും സ്പെഷ്യൽ ഷോയുമൊക്കെ നടത്താനുള്ള തയ്യാറെടുപ്പിലാണ് തിയേറ്ററുടമകൾ.
ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസും എം സ്റ്റാർ ക്രിയേഷൻസും ചേർന്നാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പിൽ മൂത്തോനിലൂടെ മലയാളത്തിൽ അരങ്ങേറിയ ബോളിവുഡ് താരം ശോഭിത ദൂലിപാലയാണ് നായിക. സണ്ണി വയ്ൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത്ത്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മുൻനിര താരങ്ങളിൽ ചിലർ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |