അല്ലു അർജുൻ നായകനാവുന്ന പുഷ്പ സിനിമയിൽ ഫഹദ് ഫാസിൽ എത്തുന്നത് ബൻവാർ സിംഗ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ. മൊട്ടയടിച്ച ലുക്കിൽ ഗംഭീര മേക്കോവറിൽ പുഷ്പയിൽ പ്രതിനായകനായാണ് ഫഹദ് ഫാസിൽ എത്തുക. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലുഅർജുൻ എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്കു ശേഷം അല്ലുവും സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദന കള്ളക്കടത്തു നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ദേവിശ്രീ പ്രസാദ് സംഗീതസംവിധാനവും മിറോസ്ള കുബ ബ്രോസെക് ഛായാഗ്രഹണവും നിർവഹിക്കുന്നു. അതേസമയം ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയൻകുഞ്ഞിന്റെ മൂന്നാമത്തെ ഷെഡ്യൂൾ സെപ്തംബർ 6ന് കളമശേരിയിൽ ആരംഭിക്കും. ഇനി എട്ടുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതോടെ ചിത്രീകരണം പൂർത്തിയാവും. രണ്ടുദിവസം ഈരാറ്റുപേട്ടയിലും ചിത്രീകരണം ഉണ്ടാവും. ഫഹദും രജിഷ വിജയനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ഇവിടെ ചിത്രീകരിക്കുക. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണൻ നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |