കുഞ്ചാക്കോ ബോബൻ- ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങും
അഭിനയജീവിതത്തിലെ 25 വർഷ യാത്രയിൽ കുഞ്ചാക്കോ ബോബന് ഇന്ന് 46 -ാം പിറന്നാൾ.വെള്ളിത്തിരയിൽ ഇത് മൂന്നാമത്തെ വിജയ യാത്രയിലാണ് പ്രേക്ഷകരുടെ ചാക്കോച്ചൻ.ഈ യാത്ര വേറിട്ടതാണ് .തീർത്തും വേറിട്ടതെന്ന് അടയാളപ്പെടുത്തുന്നവരാണ് ഡോ. അൻവർ ഹുസൈൻ , പ്രവീൺ മൈക്കിൾ, രാകേഷ് കാഞ്ഞങ്ങാട്, കൊഴുമ്മൽ രാജീവൻ എന്നീ കുഞ്ചാക്കോ ബോബൻ കഥാപാത്രങ്ങൾ.ഇതുവരെ കാണാത്ത രൂപ ഭാവത്തിൽ പ്രേക്ഷകർ ഈ കഥാപാത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനെ കാണുന്നു.
അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമ പ്രവേശം.25 വർഷം മുൻപ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായക യാത്ര. വിജയത്തിനൊപ്പം തന്നെ പരാജയങ്ങളും സംഭവിച്ചു. അപ്പോൾ സിനിമയിൽനിന്ന് മാറി നിന്നു. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് രണ്ടാം വരവ്. ആ യാത്രയിൽ ട്രാഫിക് , ഒാർഡിനറി, മല്ലൂ സിംഗ്, റോമൻസ്,തുടങ്ങിയ ചിത്രങ്ങൾ. പിന്നെയും പരാജയങ്ങൾ.കുഞ്ചാക്കോ ബോബനിലെ നടന്റെ വേറിട്ട അഭിനയവുമായി വേട്ടയും വൈറസും എത്തി. അഞ്ചാം പാതിരയിൽനിന്ന് തുടങ്ങുന്നതാണ് മൂന്നാംവരവ്.ആ യാത്ര തുടരുന്നു.
ഉദയ എന്ന സിനിമ കുടുംബത്തിലെ ഇളമുറക്കാരൻ വർഷങ്ങൾക്കുശേഷം ആ ബാനറിൽ സിനിമകൾ നിർമിക്കുകയും ചെയ്തു. ലൊക്കാർണോ ഇന്റനാഷണൽ ചലച്ചിത്രമേളയിലും ഐ.എഫ്.എഫ്.കെയിലും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറിയിപ്പ് എന്ന ചിത്രം നിർമിച്ചത് ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ ആണ്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും കുഞ്ചാക്കോ ബോബൻ എന്ന പേര് തെളിഞ്ഞു.മലയാളത്തിൽ ഒറ്റ് എന്ന ചിത്രം തമിഴിൽ രണ്ടകം എന്ന പേരിൽ എത്തിയപ്പോൾ അത് കുഞ്ചാക്കോ ബോബന്റെ ആദ്യ അന്യ ഭാഷ ചിത്രമായി. അണിയറയിൽ ഒരുങ്ങുന്നുണ്ട് ഒരുപിടി ചിത്രങ്ങൾ. വിജയയാത്രയിൽ പ്രിയ പാതി പ്രിയയ്ക്കും മകൻ ഇസഹാക്കിനുമൊപ്പമാണ് ഇത്തവണയും ചാക്കോച്ചന്റെ പിറന്നാൾ ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |