ജഗമെ തന്തിരത്തിലെ ശിവദാസ് എന്ന കഥാപാത്രത്തിലൂടെ ജോജു ജോർജ്ജ് തമിഴിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരിക്കുന്നു
ധനുഷ് നായകനായി അഭിനയിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേതന്തിരം കണ്ടവർ പ്രധാനമായും പറയുന്ന ഒരു കാര്യം അതിലെ ശിവദാസ് ( ശിവദോസ് ) എന്ന കഥാപാത്രം കുറച്ചുകൂടി നീണ്ടുനിന്നെങ്കിൽ എന്നാണ്.അത്രമാത്രം ചുരുങ്ങിയ സമയത്തിൽ പ്രേക്ഷക മനം കീഴടക്കാൻ ചിത്രത്തിൽ ശിവദാസിന് കഴിഞ്ഞുവെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെടുമ്പോൾ ആ വേഷം ചെയ്ത മലയാളിയായ ജോജുജോർജ്ജിന് അഭിമാനിക്കാം.
ധനുഷാണ് നായകനെങ്കിലും സിനിമയിൽ തിളങ്ങിയത് ശിവദാസിനെ അവതരിപ്പിച്ച ജോജുവും പീറ്ററായി വന്ന വിദേശ നടൻ ജെയിംസ് കോസ്മോയുമായിരുന്നു.നായികയായ ഐശ്വര്യലക്ഷ്മിയും നല്ല പെർഫോമൻസ് കാഴ്ചവച്ചപ്പോൾ ശുരുളി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ധനുഷിന് പതിവുപോലെ മികവ് പുലർത്താനായില്ല. ലണ്ടനിൽ കുടിയേറ്റക്കാരുടെയും സാധാരണക്കാരായ ഇന്ത്യക്കാരുടെയും സംരക്ഷകനാണ് ജോജുവിന്റെ ശിവദാസ് .എന്നാൽ വർണ്ണവെറിയുടെ ആസാനായ പീറ്റർ കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്ന അധോലോക നായകനാണ്. തന്നെ ലക്ഷ്യം വയ്ക്കുന്ന പീറ്ററിനെ നേരിടാൻ ശിവദാസും ചില അധോലോക ഏർപ്പാടുകൾ ചെയ്യുന്നുണ്ട്.പീറ്ററിനെ സഹായിക്കാൻ മധുരയിൽ നിന്നെത്തുന്ന ശുരുളി ആദ്യം ശിവദാസിന്റെ എതിരാളിയാവുകയാണ്. നാടകീയ രംഗങ്ങളാണ് ചിത്രത്തിന്റെ സവിശേഷത. എന്നാൽ ധനുഷിന്റെ മുൻകാല ആക്ഷൻ ചിത്രങ്ങളുടെ പകിട്ടില്ലെന്ന വിമർശനവുമുണ്ട്.ചലച്ചിത്ര നിർമ്മാതാവും നടനുമായ ജോസഫ് ജോർജ്ജ് എന്ന ജോജു ജോർജ്ജ് ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായ നടനാണ്.ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം വലിയ അംഗീകാരമാണ് ജോജുവിന് നേടിക്കൊടുത്തത്. പിന്നീടാണ് ശ്രദ്ധേയമായ വേഷങ്ങൾ ജോജു ചെയ്തത്.
ജഗമേ തന്തിരത്തോടെ തമിഴിലും ജോജുവിന് പ്രിയമേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |