കോളിവുഡിന്റെയും ടോളിവുഡിന്റെയും സ്വപ്ന സുന്ദരിയാണ് കാജൽ അഗർവാൾ. തെലുങ്കിൽ അരങ്ങേറ്റം നടത്തിയ കാജൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിൽ അഭിനയിച്ചുതുടങ്ങിയതിന് ശേഷമാണ്. ഇപ്പോഴിതാ തെലുങ്കിലേക്ക് വീണ്ടും ഗംഭീര തിരിച്ചു വരവ് നടത്താൻ ഒരുങ്ങിയിരിക്കുകയാണ് കാജൽ. കൊവിഡും ലോക ്ഡൗണും മൂലം കഴിഞ്ഞ വർഷം കാജലിന് പ്രോജക്ടുകൾ കുറവായിരുന്നു. കഴിഞ്ഞ വർഷം ബിസിനസുകാരനായ ഗൗതം കിച്ച്ലുവിനെ വിവാഹം ചെയ്ത കാജൽ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിച്ചു.നടിയുടെ ഹണിമൂൺ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. എന്നാൽ വീണ്ടും സിനിമയുടെ തിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാജൽ. തെലുങ്കിൽ ഇറങ്ങാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം ആചാര്യയിൽ കാജൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 140 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയ്ക്കൊപ്പം അഭിനയിച്ച ത്രില്ലിലാണ് കാജൽ. രാം ചരണും പൂജ ഹെഗ്ഡെയും അഭിനയിക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ടോളിവുഡ്.
'തെലുങ്കിൽ വരാനിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. എന്റെ സിനിമ കരിയറിൽ വലിയ ബ്രേക്ക് സംഭവിക്കാൻ പോകുന്ന ചിത്രമായിരിക്കുമിത്"-കാജലിന്റെ വാക്കുകൾ. അക്കിനേനി നാഗാർജ്ജുനയും പ്രവീൺ സത്താറും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഇതുവരെ പേരിടാത്ത തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് കാജൽ ഇപ്പോൾ. ഹൈദരാബാദിലാണ് ചിത്രീകരണം. ഇന്ററസ്റ്റിംഗ് കഥാപാത്രമാണ് ചിത്രത്തിലേതെന്ന് നടി പറയുന്നു. 'കൈദി നമ്പർ 150" എന്ന ചിത്രത്തിലും ചിരഞ്ജീവിയ്ക്കും രാം ചരണിനുമൊപ്പം കാജൽ അഭിനയിച്ചിരുന്നു. ഇതുകൂടാതെ ഒട്ടേറെ തെലുങ്ക് ചിത്രങ്ങൾക്കായി നടി കൈകൊടുത്തിട്ടുണ്ടെന്നും ഇനി തെലുങ്കിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും നടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനെ കുറിച്ച് നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. തെലുങ്കിലെ മറ്റു സിനിമകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഇതിനിടയിൽ തമിഴിൽ 'കരുങ്കാപ്പിയം" എന്ന ചിത്രത്തിൽ കാജൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 1940 കളിൽ നടക്കുന്ന കഥയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് കാജൽ എത്തുന്നത്. ജമീന്ദാർ കുടുംബത്തിൽ ഒരു പെൺകുട്ടിയുടെ അമ്മ വേഷമാണ് കാജൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കാജലിന്റെ പോസ്റ്ററിന് നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. നാൻ മഹാൻ അല്ല എന്ന ചിത്രത്തിലൂടെയായിരുന്നു കാജൽ തമിഴിൽ അരങ്ങേറ്റം നടത്തിയത് . പിന്നീട് മാട്രാൻ , തുപ്പാക്കി, ജില്ല ,വിവേകം , മെർസൽ തുടങ്ങിയ ചിത്രങ്ങളിൽ തമിഴിലെ സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചു. ഇത് തമിഴിൽ കാജലിന്റെ സ്റ്റാർ വാല്യൂ ഉയർത്തി . കൂടാതെ ഹിന്ദിയിൽ ഉമ എന്ന ചിത്രത്തിലും കാജൽ അഭിനയിച്ചു കഴിഞ്ഞു. കൊൽക്കത്തയിലും പരിസര പ്രദേശത്തുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |