കമലഹാസനെ കാണാൻ ഫഹദ് ഫാസിൽ ചെന്നൈയിലെത്തി. കമലഹാസനോടൊന്നിച്ച് അഭിനയിക്കുന്ന വിക്രം എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഫഹദ് ഫാസിൽ ചെന്നൈയിലെത്തിയത്.കമലഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിംസിന്റെ ഒാഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.നാളെ കളമശേരിയിൽ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിക്കുന്ന മലയൻ കുഞ്ഞും അല്ലു അർജുൻ ചിത്രം പുഷ്പയും പൂർത്തിയാക്കിയ ശേഷമായിരിക്കും ഫഹദ് ഫാസിൽ വിക്രമിൽ അഭിനയിച്ച് തുടങ്ങുക. ഫാസിൽ നിർമ്മിച്ച് സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന മലയൻ കുഞ്ഞിന്റെ ആദ്യഘട്ട ചിത്രീകരണത്തിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ ഫഹദിന് പരിക്കേറ്റിരുന്നു. മഹേഷ് നാരായണനാണ് കാമറാമാൻ.
മാനഗരം, കൈദി, മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റുകളൊരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിൽ കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് നിർമ്മിക്കുന്ന വിക്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സംഗീതം : അനിരുദ്ധ് രവിചന്ദർ, സംഘട്ടനം അൻപ് അറിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |