''നമുക്ക് പാർക്കാൻ മുന്തിരി ത്തോപ്പുകളിലെ കവിയൂർ പൊന്നമ്മ ചേച്ചിയുടെ അമ്മ വേഷം ,വിദ്യാമ്മ അവതരിപ്പിച്ച അമ്മ വേഷങ്ങൾ,കെ .ജി ജോർജിന്റെയും പത്മരാജന്റെയും സിനിമകളിലെ അമ്മമാർ,നന്ദനത്തിലെ രേവതി ചേച്ചിയുടെ അമ്മ വേഷം ,സുകുമാരി ചേച്ചിയും ലളിത ചേച്ചിയുമെല്ലാം ചെയ്ത അമ്മവേഷങ്ങൾ തുടങ്ങി മലയാള സിനിമയിലെ അമ്മ വേഷങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ഇന്നത്തെ അമ്മവേഷങ്ങൾ അവരുമായൊന്നും ഒരിക്കലും താരതമ്യപെടുത്താൻ സാധിക്കില്ല. എന്നാലും എല്ലാവരും ശ്രദ്ധിക്കുന്ന അമ്മ വേഷങ്ങളിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായാണ് കാണുന്നത്. ""മലയാള സിനിമയുടെ പുതിയകാലത്തിന്റെ അമ്മമാരിൽ പ്രധാനി മാലാ പാർവതി ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിലാണ്. മലയാളത്തിലും താരത്തിന് കൈനിറയെ സിനിമകളാണ്. ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ മാലാ പാർവതി സംസാരിച്ചു തുടങ്ങി...
പുതിയ സിനിമ വിശേഷങ്ങൾ ?
സിനിമ മുഴുവനായി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മഹേഷ് നാരായണന്റെ സീ യു സൂണിൽ അഭിനയിക്കാൻ സാധിച്ചു.ചാർളിയുടെ തമിഴ് റീമേക്ക് മാരയിൽ അഭിനയിച്ചു. പ്രതീക്ഷയുള്ള രണ്ടു അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. മനു ആനന്ദിന്റെ എം ഐ ആർ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യാൻ സാധിച്ചു. വിഷ്ണു വിശാലാണ് നായകൻ. വിഷ്ണുവിന്റെ തന്നെയാണ് പ്രൊഡക്ഷൻ.വിഷ്ണുവിന്റെ അമ്മയുടെ വേഷമാണ് ചെയ്യുന്നത്. ഇതുവരെ ചെയ്തതിനേക്കാൾ വലിയ കഥാപാത്രമാണത്. എന്റെ കഥാപാത്രത്തിന് വേണ്ടി ഒരു ഗാനമൊക്കെ സിനിമയിലുണ്ട്.
ഡബ്ജഗദീഷ എന്ന തെലുങ്ക് ചിത്രവും ഏറെ പ്രതീക്ഷയുള്ളതാണ്. അതൊരു മൾട്ടി സ്റ്റാർ ചിത്രമാണ്.നാനി ,ഗണപതി ബാബു,ഐശ്വര്യ രാജേഷ് ,ഋതു വർമ്മ തുടങ്ങി തെലുങ്ക് സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ചിത്രമാണ്.അമ്മയും മക്കളും തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രമാണ് അത്. അമൽ നീരദ് സാറിന്റെ ഭീഷ്മപർവ്വത്തിൽ അഭിനയിക്കുന്നുണ്ട്. അതുപോലെ ടൈറ്റിൽ അനൗൺസ് ചെയ്യാത്ത രണ്ടു തമിഴ് സിനിമകളും.ലൂക്ക സംവിധായകൻ അരുൺ ബോസിന്റെ അടുത്ത ചിത്രം.ഇതെല്ലാമാണ് ഏറ്റവും പുതിയ വിശേഷങ്ങൾ.
മലയാളത്തിൽ അടുത്ത റിലീസുകൾ ?
മഹേഷ് നാരായണന്റെ മാലിക്കും പ്രിയദർശൻ -മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവുമാണ് മലയാളത്തിലെ റിലീസ് ചിത്രങ്ങൾ. മാലിക്കിൽ നിമിഷയുടെ വിനയ് ഫോർട്ടിന്റെയും അമ്മ വേഷമാണ്.മാലിക്ക് ഇറങ്ങിയാൽ നിമിഷയുടെയും ഫഹദിന്റെയും സിനിമ കരിയറിലെ തന്നെ മികച്ച പ്രകടനമായിരിക്കുമത്. ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ്. അറബിക്കടലിന്റെ സിംഹത്തിൽ നെടുമുടി വേണു ചേട്ടൻ അവതരിക്കുന്ന സാമുതിരി എന്ന കഥാപാത്രത്തിന്റെ പെങ്ങൾ വേഷത്തിലാണ് എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്. എന്റെ സിനിമ ജീവിതത്തിൽ ആദ്യമായാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യുന്നത്.
അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച അനുഭവം ?
മലയാളത്തിന് പുറമെയുള്ള ഏത് സിനിമയുടെ സെറ്റിലായാലും അവിടെയെല്ലാം ഒരു സിസ്റ്റമുണ്ട്.അവിടെ മാർക്കറ്റ് വാല്യൂ എന്നത് ഒരു വിഷയമല്ല. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ സ്ഥാനമാണ്. എല്ലാവർക്കും കാരവാൻ . രാവിലെ ഷൂട്ടിന് കൊണ്ടുപോയാൽ വൈകുന്നേരം തിരിച്ചു കൊണ്ടാക്കുന്ന ഒരു സിസ്റ്റം. എല്ലാത്തിനും ഒരു ചിട്ടയാണ്.
മലയാളത്തിൽ ബഡ്ജറ്റിന്റെയും മാർക്കറ്റ് വാല്യൂ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ആർട്ടിസ്റ്റിനെയും ഡീൽ ചെയുന്നത് .ഇവിടെ ഒരു സ്നേഹമാണ് എല്ലാവർക്കും. സെറ്റിലെ ടെക്നീഷ്യന്മാരായാലും യുണിറ്റ് അംഗങ്ങളായാലും എല്ലാവരുമായും നല്ല സൗഹൃദത്തിൽ ഏർപ്പെടാൻ സാധിക്കും. അവിടെ ബഹുമാനവും ആർട്ടിസ്റ്റാണെന്ന മതിപ്പും കിട്ടും. മലയാളത്തിൽ എസ്റ്റാബ്ലിഷാവുമ്പോൾ പൊസിഷൻ മാറിക്കൊണ്ടിരിക്കും.
ഗെയിം ഓവറിൽ തപ്സിപന്നുവിനൊപ്പം?
മാരയുടെ ഓഡിഷനു വേണ്ടി ചെന്നൈയിൽ പോയപ്പോൾ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ സുഹൃത്തായിരുന്നു ഗെയിം ഓവറിന്റെ തിരക്കഥ. ഞാൻ അഭിനയിച്ച ഒരു ഷോട്ട് ഫിലിം അവർ ഗെയിം ഒാവറിന്റെ തിരക്കഥാ കൃത്തിന് അയച്ചുകൊടുത്തു. ആ കുട്ടി ചിത്രത്തിന്റ സംവിധായകന് കാണിച്ചുകൊടുക്കുകയും എന്നെ അതിനു വേണ്ടി ഓഡിഷൻ വിളിക്കുകയായിരുന്നു. ഗെയിം ഓവർ ഹിന്ദിയിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം വലിയ എക്സ്പോഷർ കിട്ടി.അതിനു ശേഷമാണ് ഒരുപാട് ഫിലിം മേക്കേഴ്സ് എന്നെ ശ്രദ്ധിച്ചതെന്ന് തോന്നാറുണ്ട്. ഇപ്പോഴും പല കഥാപാത്രങ്ങൾ വരുന്നതും ഗെയിം ഓവറിലെ റഫറൻസ് എടുത്തിട്ടാണ്.
ഇഷ്കും ഷെയ്നും പ്രിയപ്പെട്ടത്
ഞാൻ വളരെ സന്തോഷത്തോടെ അഭിനയിച്ച ചിത്രമാണ് ഇഷ്ക്. അതിൽ ഷെയ്ൻ അവതരിപ്പിച്ച സച്ചി എന്ന കഥാപാത്രവും ഞാൻ അവതരിപ്പിച്ച അമ്മ കഥാപാത്രവും തമ്മിൽ ചില മനോഹരമായ സീനുകളുണ്ട്. സംവിധായകൻ അനുരാജ് മനോഹർ അതിനുള്ള സ്പേസ് തന്നിരുന്നു. ഷെയ്ൻ നല്ല നടനും നല്ല മനുഷ്യനുമാണ്.
യുവ താരങ്ങളുടെ അമ്മയായി
പൃഥ്വിരാജ് , ദുൽഖർ, ടൊവിനോ, ഷെയ്ൻ തുടങ്ങി എല്ലാ യുവസൂപ്പർ താരങ്ങളുടെ അമ്മയായി അഭിനയിക്കാൻ സാധിച്ചു. രണ്ടു ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മായിമ്മയായും അഭിനയിച്ചു.
കുടുംബമാണ് കരുത്ത്
വീട്ടുകാരുടെ മുന്നിൽ ട്രാൻസ്പരന്റായ വ്യക്തിയാണ് ഞാൻ. കുടുംബം തന്നെയാണ് എല്ലാത്തിനും പിന്തുണ. ഭർത്താവ്. വി . സതീശൻ, മകൻ അനന്തകൃഷ്ണൻ, അച്ഛൻ : സി.വി. ത്രിവിക്രമൻ, വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയാണ്, അമ്മ ഡോ. ലളിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |