20ന് കാതൽ, 28ന് ഏജന്റ്
പ്രേക്ഷകരെ ആവേശഭരിതരാക്കി ഏപ്രിൽ മാസം രണ്ട് മമ്മൂട്ടി ചിത്രങ്ങൾ റിലീസിന്. മമ്മൂട്ടിയും സംവിധായകൻ ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്ന കാതൽ ദി കോർ ഇൗദ് റിലീസായി ഏപ്രിൽ 20ന് പ്രദർശനത്തിന് .തെലുങ്ക് ചിത്രം ഏജന്റ് 28ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും.പുതുവർഷത്തിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് കാതൽ. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
തെന്നിന്ത്യൻ താരം ജ്യോതികയാണ് കാതലിൽ മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് കാതലിന്റെ മറ്റൊരു പ്രത്യേകത. ജ്യാേതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ.
ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് രചന. സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. വേഫെറെർ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. ഇടവേളയ്ക്കുശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.മഹാദേവ് എന്ന മിലിട്ടറി ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്.
തെലുങ്കിലെ യുവതാരം അഖിൽ അഖിനേനി നായകനായി എത്തുന്ന ഏജന്റ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖം സാക്ഷി വൈദ്യ ആണ് നായിക.
യുവ സംവിധായകരിൽ ശ്രദ്ധേയനായ സുരേന്ദർ റെഡ്ഡി ആണ് രചനയും സംവിധാനവും . രാകുൽ ഹെരിയൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഹിപ്പോപ്പ് തമിഴൻ ആണ് സംഗീത സംവിധാനം. എ.കെ. എന്റർടെയ്ൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര ചിത്രം നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |