നാലുവയസിലാണ് മീന സിനിമയിൽ അഭിനയിക്കുന്നത്. ആ യാത്രയ്ക്ക് ഇപ്പോൾ 40 വയസ്. ചെന്നൈയിൽ പ്രിയപ്പെട്ടവർ ചേർന്ന് അഭിനയയാത്രയുടെ നാലു പതിറ്റാണ്ട് ഇന്നലെ ആഘോഷിച്ചു. ബാലതാരമായി തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ച മീനക്ക് ഇരുപത്തിയഞ്ചിലധികം നായകൻമാരുടെ നായികയായി വേഷമിടാൻ ഭാഗ്യം ലഭിച്ചു.ശിവാജി ഗണേശന്റെ മകളായി അഭിനയിച്ച കാലത്തുനിന്നാണ് യാത്ര തുടങ്ങുന്നത് . പിന്നീട് രജനികാന്തിന്റെ മകളായി അഭിനയിച്ചു.മമ്മൂട്ടിയുടെ മകളായി അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടി പോലും മറന്നിട്ടുണ്ടാകുമെന്ന് മീന മുമ്പ് പറഞ്ഞിട്ടുണ്ട്. തമിഴിൽ രജനികാന്ത്, പ്രഭു, സത്യരാജ് , വിജയകാന്ത്, തെലുങ്കിൽ ബാലകൃഷ്ണ, മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ, ഇവരുടെയെല്ലാം നായികയായി അഭിനയിക്കാൻ കഴിഞ്ഞു. മോഹൻലാലിന്റെ നായികയായി ഇരുപതിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്.വിവാഹം കഴിക്കുന്നതിനുമുൻപേ അമ്മ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് മീന. കമൽഹാസന്റെ അവ്വൈ ഷൺമുഖി ആയിരുന്നു ചിത്രം. കഥ പറയുമ്പോൾ സിനിമയിൽ മൂന്നു കുട്ടികളുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്.ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ അമ്മ വേഷം.
കാമറയ്ക്കുമുന്നിൽ നിന്നു കുറച്ചുകാലം മീന മാറിനിന്നത് വിവാഹം കഴിഞ്ഞിട്ടായിരുന്നു. അതും രണ്ടോ മൂന്നോ വർഷം.നാലു പതിറ്റാണ്ടിനിടെ മാറിനിന്നത് ഈ കാലത്തു മാത്രം.
വിവാഹശേഷം ദൃശ്യം എന്ന ചിത്രത്തിലൂടെ മടങ്ങിവന്നപ്പോൾ ഇരുകൈയും നീട്ടി പ്രേക്ഷകർ സീകരിച്ചു. മുൻകൂട്ടി ഒരു തീരുമാനവും മീന ജീവിതത്തിൽ സ്വീകരിച്ചിട്ടില്ല. വിവാഹത്തിനുമുൻപേ ഇനി ഞാൻ വീട്ടമ്മ മാത്രമാണ് എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഭർത്താവുമൊത്ത് ഒരുമിച്ച് സുഖമായി ജീവിക്കാനല്ലേ വിവാഹം കഴിക്കുന്നത്. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തോളം സിനിമയിൽ നിന്നു മാറിനിന്നതെന്ന് മീന തന്നെ പറഞ്ഞിട്ടുണ്ട്.
ജീവിതത്തിൽ എപ്പോഴും വഴികാട്ടിയായത് അച്ഛനും അദ്ധ്യാപകനുമായിരുന്ന ദുരൈസ്വാമിയും അമ്മയും തമിഴിലെ പഴയകാല അഭിനേത്രിയുമായ രാജമല്ലികയുമാണ് . കണ്ണൂർ ചിറക്കൽ കോവിലകത്തെ അംഗമാണ് രാജമല്ലിക . ഒരു നടിയായി തന്നെ മാറ്റിയതിനുപിന്നിൽ അമ്മയുടെയും അച്ഛന്റെയും പിന്തുണ വളരെ വലുതാണ്. ലൊക്കേഷനുകളിൽ നിഴലായി ഒപ്പം വന്നു.
ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ പഠിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മീന എത്രയോ വട്ടം പറഞ്ഞു. മീനയെ പോലെ നാലുവയസിലാണ് മകൾ നൈനിക സിനിമയിൽ അഭിനയിക്കുന്നത്. തെരി എന്ന ചിത്രത്തിൽ വിജയ് യുടെ മകളായി അഭിനയിച്ചു.
അപ്രതീക്ഷിതമായാണ് മീനയുടെ ഭർത്താവും സോഫ്ട്വെയർ എൻജിനിയറുമായ വിദ്യാസാഗർ കഴിഞ്ഞ ജൂൺ 28ന് മരണമടഞ്ഞത്. വിദ്യാസാഗറിന്റെ മരണശേഷം മീന സിനിമയിൽ അഭിനയിച്ചില്ല. മീനയുടെ മടങ്ങിവരവ് വൈകാതെ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |