സൗഹൃദവും ഒരു വിവാഹവും ഒത്തുച്ചേരുന്ന എങ്കിലും ചന്ദ്രികേ
കൂമൻതൊണ്ട എന്ന സാങ്കല്പിക ദേശത്തിന്റെയും അവിടത്തെ അഞ്ച് ചെറുപ്പക്കാരുടെയും കഥയാണ് എങ്കിലും ചന്ദ്രികേ എന്ന ചിത്രം പറയുന്നത്. അവിടത്തെ പ്രധാന ക്ളബുകളിലൊന്നാണ് സുമലത. ക്ളബിന്റെ സജീവ പ്രവർത്തകരാണ് സൊസൈറ്റി പവിത്രൻ, അഭിഷേക് , സിനിമ സംവിധായകനാവാൻ നടക്കുന്ന കിരൺ , അമൽ, ബിബീഷ് എന്നിവർ. ഗ്രാമീണ പശ്ചാത്തലമാണ് നവാഗതനായ ആദ്യത്യൻ ചന്ദ്രശേഖരൻ തന്റെ ആദ്യ ചിത്രത്തിന്റെ ഭൂമികയായി തിരഞ്ഞെടുത്തത്. വിവാഹം പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ അതിന്റേതായ നിരാശയിൽ കഴിയുന്നവരാണ് പവിത്രനും അഭിഷേകും.
ഇതിനിടെ കൂട്ടുകാരെയൊന്നും അറിയിക്കാതെ ബിബീഷിന്റെ കല്യാണം ഉറപ്പിക്കുന്നു. എന്തുകൊണ്ടാണ് വിവാഹ കാര്യം ബിബീഷ് രഹസ്യമായി കൊണ്ടുനടന്നത് എന്നത് കൂട്ടുകാരിൽ സംശയം ഉണർത്തുന്നു. ബിബീഷ് - ചന്ദ്രിക വിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള ചില സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. നിരഞ്ജന അനൂപ് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് ,അശ്വിൻ എന്നിവരെല്ലാം മികച്ച പ്രകടനം തന്നെ നടത്തി. തൻവി റാം , രാജേഷ് ശർമ്മ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിതിൻ സ്റ്റാൻസിലോസിന്റെ കാമറ ഉത്തരമലബാറിനെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്.
ചിത്രത്തിന്റെ മൂഡിനോട് ചേർന്നു നിൽക്കുന്നതാണ് വിനായക് ശശികുമാറിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |